

പെരുമ്പാവൂരിൽ എച്ച്ഐവി ബാധിതർ കൂടുന്നു; പ്രായപൂർത്തിയാവാത്ത പെൺകുട്ടികളടക്കം 15 പേർക്ക് രോഗബാധ
representative image
കൊച്ചി: പെരുമ്പാവൂരിൽ 15 പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചു. പ്രദേശത്ത് എച്ച്ഐവി രോഗബാധ വർധിക്കുന്നതായും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. രോഗ ബാധിതരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളും ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളുമെല്ലാം ഉൾപ്പെടുന്നു..
നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഈ 15 പേരെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗവിവരം പുറത്തറിഞ്ഞാൽ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച് താമസം മാറിപ്പോകുന്നതായും വ്യക്തമായിട്ടുണ്ട്.
ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ് പ്രധാനമായും രോഗവ്യാപനത്തിന് കാരണമെന്ന് വിവരം. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലൈംഗിക തൊഴിലും വ്യാപകമാണ്. ഇതും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ ബോധവത്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളികൾ ഏറെയാണ്.