

മോതിരം തിരികെ നൽകണം, മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം; 1500 പേജുള്ള വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 1500 പേജുകളുള്ള വിധിയാണ് പ്രഖ്യാപിച്ചത്. ശിക്ഷ വിധിച്ച ശേഷം ഏറെ വൈകിയാണ് വിധിപ്പകര്‍പ്പ് പുറത്തുവന്നത്. ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം വിധിയോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ വിധിപ്പകർപ്പ് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനാണ് കാലതാമസം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി പറഞ്ഞിട്ടുണ്ട്. പ്രതികൾ അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നൽകണം, അതിജീവിതയുടെ മോതിരം തിരികെ നല്‍കണം എന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ മറ്റ് പ്രതികൾ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി നിന്നത്. മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിലാണ് പൾസർ സുനിയുടെ വാദത്തിനിടെ കോടതി പ്രതികരിച്ചത്. ഈ കേസിനെ ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട വേളയിലടക്കം കോടതി നീരസം പ്രകടിപ്പിച്ചു.
കുറഞ്ഞ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നിരത്തിയ വാദത്തെ തള്ളി സംസാരിച്ച കോടതി, പൾസർ സുനി ഈ കേസിലെ മറ്റു പ്രതികളെ പോലെയല്ലെന്ന് തന്നെ കോടതി ഒരു ഘട്ടത്തിൽ ചൂണ്ടിക്കാട്ടി. പൾസർ സുനിയല്ലേ കേസിലെ യഥാർഥ പ്രതിയെന്നും മറ്റ് പ്രതികൾ കൃത്യത്തിന് കൂട്ടുനിന്നവരല്ലേയെന്നും കോടതി ആരാഞ്ഞു. പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്‍റെ കാര്യമാണെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വാദം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ഒരു തരത്തിലുമുള്ള കരുണ പൾസർ സുനിയോട് കാണിക്കേണ്ടതില്ലെന്ന സൂചനകൾ നൽകിയായിരുന്നു കോടതി പ്രതികരണം.