

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിശോധന (എസ്ഐആർ) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. സുപ്രീം കോടതിയിൽ ചോദ്യം ചെയ്യണമെന്ന അഭിപ്രായമാണ് ഭരണ- പ്രതിപക്ഷത്തു നിന്നും ഉയർന്നത്. ഇതിനു നിയമോപദേശം തേടാൻ മുഖ്യമന്ത്രി നിർദേശം നൽകി.
യോഗത്തിൽ ബിജെപി ഒഴികെയുള്ള കക്ഷികൾ സർക്കാർ തീരുമാനത്തെ പൂർണമായും പിന്തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ എസ്‌ഐആറിനെ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സർക്കാർ എന്ന നിലയിലും പാർട്ടി എന്ന നിലയിലും തേടുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർ പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശ്യപരവുമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 2002 ലെ പട്ടിക ആധാരമാക്കി പരിഷ്‌കരിക്കുമ്പോഴുള്ള പ്രയാസങ്ങൾ നിരവധിയാണെന്നും എസ്ഐആർ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക പാർട്ടികൾ പങ്കുവച്ചു.
മുഖ്യമന്ത്രി പങ്കുവച്ച ഉത്കണ്ഠയോടു യോജിക്കുന്നുവെന്നും കോടതിയിൽ പോയാൽ കക്ഷിചേരാൻ തയാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു. ബിജെപിയിൽ നിന്നും മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ കെ. സുരേന്ദ്രനാണ് യോഗത്തിൽ പങ്കെടുത്തത്. സർക്കാർ, പ്രതിപക്ഷ ആവശ്യങ്ങളെ ബിജെപി എതിർത്തു.
പി.സി. വിഷ്ണുനാഥ് (കോൺഗ്രസ്), സത്യൻ മൊകേരി (സിപിഐ), പി.കെ. കുഞ്ഞാലിക്കുട്ടി (ഐയുഎംഎൽ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), പി.ജെ. ജോസഫ് (കേരള കോൺഗ്രസ്), മാത്യു. ടി. തോമസ് (ജനതാദൾ സെക്യുലർ), തോമസ്. കെ. തോമസ് (എൻസിപി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), കെ.ജി. പ്രേംജിത്ത് (കേരള കോൺഗ്രസ് ബി), അഡ്വ. ഷാജ .ജി എസ് പണിക്കർ (ആർഎസ്പി ലെനിനിസ്റ്റ്), കെ.ആർ. ഗിരിജൻ (കേരള കോൺഗ്രസ് ജേക്കബ്), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആന്‍റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ സംസാരിച്ചു.