എ.എൻ. ഷംസീർ, നിയമസഭാ സ്പീക്കർ
സംസ്ഥാന ബജറ്റ് 29 ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 ന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ഗവര്‍ണറുടെ നയപ്രഖ്യാപനവും 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഷംസീർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും ഷംസീര്‍ പറഞ്ഞു. പ്രിവിലേജസ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള്‍ പരാതി നൽകണം. അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ലെന്നും വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലലോ. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണമെന്നും എ.എൻ. ഷംസീര്‍ പറഞ്ഞു.

