

റീൽസെടുക്കാൻ അമിതവേഗതയിൽ കാറോടിച്ച 16കാരൻ പിടിയിൽ, അമ്മയ്ക്കെതിരേ കേസെടുത്തു
file image
പത്തനംതിട്ട: അമിതവേഗതയിൽ കാറോടിച്ച് റീൽസ് ചിത്രീകരിച്ച 16 വയസുകാരനും സുഹൃത്തും പിടിയിൽ. പത്തനംതിട്ട അടൂരിലാണ് അഭ്യാസപ്രകടനം നടത്തിയത്. സംഭവത്തിൽ 16കാരന്‍റെ അമ്മയ്ക്കെതിരേ പൊലീസ് കേസെടുത്തു.
16കാരനും സുഹൃത്തുക്കളും അമിതവേഗതയിൽ കാറോടിച്ചു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവർ അഭ്യാസപ്രകടനം നടത്തിയ കാറും ബൈക്കും പൊലീസ് പിടിച്ചെടുത്തു.
കാറും ബൈക്കും ഓടിക്കുന്ന നിരവധി വിഡിയോകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. കൂടാതെ സോഷ്യൽ മീഡിയയിലൂടെ ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സ്കൂട്ടറിൽ നാലുപേർ ഒന്നിച്ചു പോകുന്ന വിഡിയോയും കൂട്ടത്തിലുണ്ട്. സംഭവത്തിൽ ബൈക്കിന്‍റെ ഉടമയായ കൊല്ലം സ്വദേശിക്കെതിരെയും പൊലീസ് കേസെടുത്തു. എന്നാൽ ഇയാൾ ബൈക്ക് നേരത്തെ വിറ്റതാണെന്നും ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നും പൊലീസിനോട് പറഞ്ഞു.