'പന്ത്രണ്ടായിരം രൂപയുടെ ജോലിക്ക് 50,000 കോഴ'; കോഴിക്കോട് 2 കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ

പാർട്ടിക്ക് പൊതു ജന മധ്യത്തിൽ അവമതിപ്പുണ്ടാക്കി പ്രവർത്തനങ്ങൾ ചെയ്തതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരേ നടപടി സ്വീകരിച്ചതെന്ന് കോഴിക്കോട് ഡിസിസി വിശദീകരിച്ചു
Representative Images
Representative Images

കോഴിക്കോട്: മുക്കം കൊടിയത്തൂർ പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ പാർട്ട് ടൈം ജോലിക്കായി കോഴ വാങ്ങിയ സംഭവത്തിൽ 2 കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ. കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെന്‍റ് ചെയ്തത്.

പാർട്ടിക്ക് പൊതു ജന മധ്യത്തിൽ അവമതിപ്പുണ്ടാക്കി പ്രവർത്തനങ്ങൾ ചെയ്തതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരേ നടപടി സ്വീകരിച്ചതെന്ന് കോഴിക്കോട് ഡിസിസി വിശദീകരിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കെപിസിസിയുടെ നിർദേശ പ്രകാരം എൻ.കെ. അബ്ദു റഹ്മാനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇരുപതോളം പേരിൽ നിന്ന് മൊഴിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൊടിയത്തൂർ കോട്ടമ്മലിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന കരീം പഴങ്കലിന്‍റെ ഫോൺ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

മാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അൻപതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്. സാധാരണ നിലയിൽ ഇത്തരം നിയമനങ്ങൾക്ക് വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതും നടപടിയെടുത്തതും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com