
പേരാമ്പ്ര സംഘർഷം; 2 കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
file image
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പ്രവർത്തകനായ മണി പൈതോത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദൻ കല്ലൂർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കമുണ്ടായതും സംഘർഷത്തിന് വഴിയൊരുക്കിയതും.
പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം പ്രതിഷേധ റാലിയും നടത്തിയിരുന്നു. അതേ സമയം തന്നെ ഡിവൈഎഫ്ഐയും പ്രതിഷേധറാലി നടത്തി. എൽഡിഎഫും യുഡിഎഫും പരസ്പരം ഏറ്റുമുട്ടുമെന്ന സാഹചര്യം വന്നപ്പോൾ പൊലീസ് ഇടപെടുകയായിരുന്നു. പിന്നീട് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.