
യാത്രാ രേഖകളില്ല; 2 വിദേശികൾ കളമശേരിയിൽ പിടിയിൽ
file image
കളമശേരി: യാത്രാ രേഖകളില്ലാതെയും സി ഫോം ട്രാൻസ്മിഷൻ നടത്താതെ സർവീസ് അപാർട്ട്മെന്‍റിൽ താമസിച്ചതിനും 2 കെനിയ സ്വദേശികൾക്ക് എതിരെ കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ റിമാൻഡ് ചെയ്തു. കെനിയ സ്വദേശികളായ ഈഗ്ലേ, പമേല എന്നിവരാണ് വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടർന്ന് താമസിച്ചതിന് അറസ്റ്റിലായത്.
ഇവരുടെ പാസ്പോർട്ടും അനുബന്ധ യാത്ര രേഖകളും നഷ്ടപ്പെട്ടുപോയെന്നും ആയതിനു ഇവർ നിയമപ്രകാരം ചെയ്യേണ്ടതായ കെനിയൻ എംബസിയുമായി ബന്ധപ്പെട്ട് പുതിയ പാസ്പോർട്ട് എടുക്കുകയോ ട്രാവൽ രേഖകൾ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) ൽ അപേക്ഷിച്ച് പുതുക്കുകയോ ചെയ്യാതെ ബാംഗ്ലൂർ, ഡൽഹി, മുബൈ, ചെന്നൈ എന്നീ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിരുന്നതായി ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായതായി പൊലീസിന് അറിയിച്ചു. ഈ കേസിന്‍റെ തുടരന്വേഷണത്തിൽ ഇവർ താമസിച്ചുവന്നിരുന്ന സർവീസ് അപ്പാർട്ട്മെന്‍റ് ഉടമസ്ഥനായ സാബിത്തിനെയും പ്രതി ചേർത്ത് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
വിദേശികളെ പാർപ്പിക്കുമ്പോൾ അനുവർത്തിക്കേണ്ടതായ ഫോം സി ട്രാൻസ്മിഷൻ ചെയ്യാത്തതിനാൽ ആണ് സെർവീസ് അപ്പാർട്ട്മെന്‍റ് ഉടമസ്തനെ പ്രതി ചേർത്തത്. ഇയാൾ, വിദേശികളെ പാർപ്പിക്കുമ്പോൾ നിയമനുസരണം എടുക്കേണ്ടതായ സി ഫോം രജിസ്ട്രേഷൻ പ്രസ്തുത അപാർട്മെന്റിനു എടുക്കാത്തത് കൊണ്ടാണ് ഫോം സി ട്രാൻസ്മിഷൻ ചെയ്യാൻ കഴിയാതിരുന്നത് എന്ന് കളമശേരി പൊലീസ് അറിയിച്ചു. വിദേശികളുടെ തമാസവിവരങ്ങൾ രേഖപ്പെടുത്തുന്നതിനുവേണ്ടിയാണു ഫോം സി ട്രാൻസ്മിഷൻ നടത്തുന്നത്. രാജ്യസുരക്ഷക്ക് ഇപ്രകാരം ഇവരുടെ വിവരങ്ങൾ ഓൺ ലൈൻ മുഖേന അറിയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വിദേശികളെ പാർപ്പിക്കുമ്പോൾ സി ഫോം രജിസ്ട്രേഷൻ എടുക്കാത്ത സ്ഥലങ്ങളിൽ താമസിപ്പിച്ചാൽ ഫോം സി ട്രാൻസ്മിഷൻ ചെയ്യാൻ സാധിക്കില്ല. ഇപ്രകാരം സി ഫോം രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങളിൽ വിദേശികളെ പാർപ്പിച്ചാൽ ഫോറിനേഴ്സ് ആക്ട് അനുസരിച്ച് കേസ് എടുക്കുന്നതാണെന്നും സി ട്രാൻസ്മിഷൻ സ്വന്തം സ്ഥാപനത്തിൽ നിന്നും ഓൺലൈൻ മുഖേന ചെയ്യാവുന്നതാണെന്നും പൊലീസ് അറിയിച്ചു. വിദേശികളെ പാർപ്പിക്കുന്ന ആശുപത്രികൾ, ഹോട്ടലുകൾ, സർവീസ് അപാർട്ട്മെന്‍റുകൾ എന്നിവ സി ഫോം രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. ഈ കേസിന്‍റെ തുടർന്നുള്ള അന്വേഷണം കളമശേരി എസ്എച്ച് ഒ ലത്തീഫ് എം.ബിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.