

തിരുവനന്തപുരം: മദ്യലഹരിയിൽ ദമ്പതികൾ എറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ 2 വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്എടി ആശുപത്രിയിലേയും മെഡിക്കൽ കോളെജിലേയും ഡോക്റ്റർമാർ വിദഗ്ധ ചികിത്സ നൽകി രക്ഷപ്പെടുത്തിയത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് എസ്എടിയിലെത്തി കുഞ്ഞിനെ സന്ദർശിച്ച് കുഞ്ഞിന്‍റെ സംരക്ഷണവും തുടർചികിത്സയും വനിതാ ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനാൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയർ ടേക്കർമാരെ അനുവദിക്കുകയും ചെയ്തു. തുടർന്നും പരിചരണം ഉറപ്പാക്കുമെന്നും ഇനി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 9നാണ് കുഞ്ഞിനെ എസ്എടിആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ എത്തിച്ചത്. ഉടൻ തന്നെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ച് വെന്‍റിലേറ്റർ ചികിത്സ ഉൾപ്പെടെ വിദഗ്ധ പരിചരണം നൽകി. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നൽകി. ഫിറ്റ്സും നീർക്കെട്ടും ഉണ്ടാകാതെ അതീവ ജാഗ്രത പുലർത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ച കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ പ്രിതിയായ കുട്ടിയുടെ പിതാവ് മുരുകനെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം കുറവനമ്പലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. ഇയാളും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പിന്നാലെ വന്ന കുഞ്ഞിനെ ഇയാൾ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചിൽ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഇയാൾ മുന്‍പും കുട്ടിയെ ക്രൂരമായി പരിക്കേൽപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാരും സമാനമായ മെഴി നൽകി. കുറ്റം സമ്മതിച്ച പ്രതിയെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.