

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെഎസ്‌ആർടിസിക്ക് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ.
കഴിഞ്ഞ ആഴ്‌ചയിൽ പെൻഷൻ വിതരണത്തിനായി 71 കോടി രൂപയും ഈ മാസാദ്യം സഹായമായി 30 കോടി രൂപയും നൽകിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ഈ 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്. ഇതോടെ ഈ മാസം ഇതുവരെ 121 കോടി രൂപയാണ് കോർപറേഷന് സംസ്ഥാന സർക്കാർ നൽകിയത്.
കോർപറേഷന് 9 മാസത്തിനുള്ളിൽ 1350 കോടി രൂപയാണ് സഹായമാണ് ഇതുവരെ ലഭിച്ചത്. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 900 കോടി രൂപയാണ്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5054 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സഹായമായി നൽകിയത്. ഒന്നാം പിണറായി സർക്കാർ നൽകിയത് 4936 കോടി രൂപയാണ്. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 9990 കോടിയാണ്. യുഡിഎഫ് സർക്കാരിന്റെ 5 വർഷത്തെ ആകെ സഹായം 1543 കോടി രൂപയാണ്.