400 സീറ്റ് തമാശ, 300 അസാധ്യം, 200 പോലും വെല്ലുവിളി: ബിജെപിയെ പരിഹസിച്ച് തരൂർ

''കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. ദക്ഷിണേന്ത്യയിൽ 2019ലെക്കാൾ കഷ്ടമായിരിക്കും അവരുടെ അവസ്ഥ.''
ശശി തരൂർ
ശശി തരൂർFile

ന്യൂഡൽഹി: ഇത്തവണ 400 സീറ്റ് എന്ന ബിജെപിയുടെ വാദം തമാശയും 300 എന്നത് അസാധ്യവും 200 തന്നെ വെല്ലുവിളിയുമാണെന്നു കോൺഗ്രസ് നേതാവ് ശശി തരൂർ. ബിജെപിക്ക് ലോക്സഭയിൽ ഭൂരിപക്ഷം നഷ്ടമാകുമെന്നതാണ് അന്തിമ യാഥാർഥ്യം. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. ദക്ഷിണേന്ത്യയിൽ 2019ലെക്കാൾ കഷ്ടമായിരിക്കും അവരുടെ അവസ്ഥ.

തിരുവനന്തപുരത്ത് താൻ മികച്ച വിജയം നേടുമെന്നും തരൂർ പറഞ്ഞു. രണ്ടു മാസത്തിനുശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ അദ്ദേഹം വാർത്താ ഏജൻസിയോടു സംസാരിക്കുകയായിരുന്നു. ഇനി തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‍റെ പ്രചാരണത്തിനായി പോകുമെന്നും തരൂർ.

''ഇതുവരെ 190 സീറ്റുകളിൽ വോട്ടെടുപ്പ് നടന്നു. മികച്ച പ്രതികരമാണ് അവിടങ്ങളിൽ കോൺഗ്രസിനും "ഇന്ത്യ' മുന്നണിക്കും അനുകൂലമായി ഉണ്ടായതെന്നാണ് ഞാൻ അറിഞ്ഞത്. 2014ലെയും 2019ലെയും സാഹചര്യമല്ല ഇത്തവണയെന്ന് ദീർഘകാലമായി തെരഞ്ഞെടുപ്പു നിരീക്ഷിക്കുന്നവർ വിലയിരുത്തുന്നുണ്ട്'', തരൂർ വ്യക്തമാക്കി.

ബിജെപിക്ക് വോട്ട് ചെയ്യുന്നവർക്ക് പോലും ഇത്തവണ ആവേശമില്ല. ഞങ്ങൾ മുൻപ് പ്രതീക്ഷിച്ചതിലുമേറെ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യത്തിന്, താൻ ഒരു ക്രിക്കറ്റ് ആരാധകനാണെങ്കിലും സ്കോർ പ്രവചിക്കാറില്ല, വിജയം മാത്രമേ മുൻകൂട്ടി പറയൂ എന്ന് തരൂരിന്‍റെ മറുപടി.

കഴിഞ്ഞ തവണ ആറു സംസ്ഥാനങ്ങളിൽ ബിജെപി എല്ലാ സീറ്റുകളും നേടി. മൂന്നിടത്ത് ഒന്നൊഴികെ സീറ്റുകൾ നേടി. ഇത്തവണ ഇത് ആവർത്തിക്കില്ല. ഹരിയാനയിൽ ഇത്തവണ കോൺഗ്രസിന് 5-7 സീറ്റുകൾ ലഭിക്കും. കർണാടകയിൽ ഒരു സീറ്റ് മാത്രമുള്ള കോൺഗ്രസിന് ഇത്തവണ 10-17 സീറ്റുകൾ ലഭിക്കാം. ഇത് 20 വരെയെത്തിയേക്കാം. 353 സീറ്റുകളിൽ ഇനി വോട്ടെടുപ്പ് നടക്കാനുണ്ട്. ഇവിടങ്ങളിലെ "ഇന്ത്യ' സഖ്യത്തിന്‍റെ പ്രകടനം നിർണായകമാകുമെന്നും തരൂർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com