ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികളുമായി കോട്ടയം നഗരസഭയുടെ 2023 - 24 ബജറ്റ്

നഗരസഭയെ കോർപ്പറേഷൻ പദവിയിലേക്ക് ഉയർത്തണമെന്ന നിർദേശങ്ങളും ബജറ്റിലുണ്ട്. ടാക്സ് കളക്ഷൻ ഉൾപ്പെടെ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കുവാനും ബജറ്റിൽ ലക്ഷ്യമിടുന്നു
ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികളുമായി കോട്ടയം നഗരസഭയുടെ 2023 - 24 ബജറ്റ്

കോട്ടയം: ഐഎസ്ഒ നിലവാരത്തിലേക്ക് നഗരസഭയെ ഉയർത്താനുള്ള പദ്ധതികളുമായി കോട്ടയം നഗരസഭയുടെ 2023 - 24 ബജറ്റ്. 149 കോടി 11 ലക്ഷത്തി 52,080 രൂപ വരവും, 144 കോടി 77 ലക്ഷത്തി 29,002 ചെലവും, 4 കോടി 34 ലക്ഷത്തി 23078 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ അവതരിപ്പിച്ചു. യോഗത്തിൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അന്തരിച്ച നടന്‍ ഇന്നസെന്‍റിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ബജറ്റ് യോഗം ആരംഭിച്ചത്.

നഗരസഭയെ കോർപ്പറേഷൻ പദവിയിലേക്ക് ഉയർത്തണമെന്ന നിർദേശങ്ങളും ബജറ്റിലുണ്ട്. ടാക്സ് കളക്ഷൻ ഉൾപ്പെടെ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കുവാനും ബജറ്റിൽ ലക്ഷ്യമിടുന്നു. ആരോഗ്യം, ശുചിത്വം, പ്ലാസ്റ്റിക് ടു പവര്‍ പദ്ധതി, തിരുനക്കര ബസ് ബേ കം ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ്, കഞ്ഞിക്കുഴി ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സ്, പാക്കില്‍ ഷോപ്പിങ് കോംപ്ലക്സ്, നെഹ്റു സ്റ്റേഡിയം - ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം നിര്‍മാണം തുടങ്ങിയവയ്ക്കായി ഡിപിആര്‍ തയാറാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. നഗരസഭയെ കോര്‍പ്പറേഷനായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് ബജറ്റിലെ മറ്റൊരു ആവശ്യം. ഇതിനായി സര്‍ക്കാരും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും മുന്‍കൈയെടുക്കണമെന്നും വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി പ്ലാസ്റ്റിക് ടു പവര്‍ പദ്ധതി നടപ്പാക്കുവാന്‍ 3 കോടി 5ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. എന്‍ഐടിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. ഇതിനായി കോടിമതയിലെ പ്ളാസ്റ്റിക് ഷെഡിങ് യൂണിറ്റ് ഉപയോഗപെടുത്തും. പദ്ധതിയ്ക്കായി 3 കോടി 5 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ 1 കോടി 5 ലക്ഷം രൂപ വകയിരുത്തി. ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടുത്തത്തിൽ നിന്ന് പാഠമുൾക്കൊണ്ട് നഗരസഭയുടെ വടവാതൂർ ഡമ്പിങ് യാർഡിലെ മാലിന്യ നീക്കത്തിന് 1 കോടി രൂപയുടെ പദ്ധതിയ്ക്ക് തുടക്കമിട്ടു. ലോകബാങ്കിന്റെയും ശുചിത്വ മിഷന്റെയും ധനസഹായത്തോടെ മാലിന്യനീക്കം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഗ്രീൻ ട്രൈബ്യൂണലിന്‍റെ ഉത്തരവുകൾ പാലിക്കുന്നതിന് നഗരസഭ ആവശ്യമായ നടപടികൾ സ്വീകരിക്കും. നഗര ശുചീകരണത്തിന് മുൻഗണനൽകി മുൻപുണ്ടായിരുന്ന ക്ളീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതി തുടരും . സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നിർമാർജനം ചെയ്യുന്ന വി. കെയർ എന്ന പദ്ധതി വഴി മാലിന്യ നീക്കം പൂർണമാക്കും.

വനിത ഷോപ്പിങ് മാളിന്‍റെ രണ്ടാംഘട്ട നിര്‍മാണത്തിനായി 1 കോടി 38 ലക്ഷം രൂപ വകയിരുത്തി. നഗരസഭാ പരിധിയിലെ റോഡുകളുടെ സമഗ്ര വികസനത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു. കോടിമത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കോടിമത ഡ്രയിനേജ് പദ്ധതിക്കായി 30 ലക്ഷം രൂപയും, എം.ജി റോഡുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ശാസ്ത്രിറോഡ്, ഈരയില്‍കടവ്-മണിപ്പുഴ ഇടനാഴി എന്നിവയുടെ സൗന്ദര്യവല്‍ക്കരണത്തിനായി 5 ലക്ഷം രൂപ അനുവദിച്ചു. ആറ്റുതീര റോഡ് നിര്‍മ്മാണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചു. ശാസ്ത്രിറോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനും ബങ്കുകള്‍ക്കും സമീപത്തും പാലസ് റോഡിലും പരീക്ഷണാര്‍ത്ഥം ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. കുടുംബശ്രീ പദ്ധതിയിലൂടെ കുളവാഴയില്‍ (പോള) നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് പദ്ധതിക്ക് രൂപം നല്‍കും. എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കി മാറ്റി നഗരസഭയെ ഐഎസ്ഒ നിലവാരത്തിലേക്ക് താമസിയാതെ ഉയര്‍ത്തുമെന്നും ബജറ്റില്‍ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com