

2027 സെൻസസിന് തുടക്കം
ന്യൂഡൽഹി: 2027 സെൻസസിന് ബുധനാഴ്ച തുടക്കം. ഭവന സെൻസസ് ആണ് ഒന്നാംഘട്ടത്തിൽ നടക്കുക. പൂർണ ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണത്തെ സെൻസസ് കണക്കെടുപ്പ്. കേരളത്തിൽ എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെയാണ്. പ്രവാസികളുടെ കാര്യത്തിൽ വ്യക്തത വരുത്താതെയാണ് സെൻസസിന് തുടക്കമാകുന്നത്.
ഡൽഹി ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലാണ് സെൻസസ് ബുധനാഴ്ച മുതൽ ആരംഭിക്കുന്നത്. വീടുകളുടെ കണക്കെടുപ്പാണ് ഒന്നാംഘട്ടത്തിൽ നടക്കുക. വീടുകളുടെ എണ്ണം, ലഭ്യമായ സൗകര്യങ്ങൾ, ആസ്തി എന്നി വിവരങ്ങൾ ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തും. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നി കേന്ദ്രഭരണ പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ ഭവന കണക്കെടുപ്പിന് തുടക്കമാകും. പൂർണ ഡിജിൽ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സെൻസസ് കമ്മീഷൻ പുറത്തിറക്കിയ പ്രത്യേക ആപ്പ് വഴിയാണ് കണക്കെടുപ്പ്. 16 ഭാഷകളിൽ ഫോമുകൾ ലഭിക്കും. 34 ചോദ്യാവലികൾ ആണ് ഒന്നാംഘട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ ഒന്നാംഘട്ടം ജൂൺ 16 മുതൽ 30 വരെയാണ് നടക്കുക. രണ്ടാംഘട്ടത്തിലാണ് ജനസംഖ്യ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ്. 1931 ന് ശേഷം ആദ്യമായി ജാതി കണക്കെടുപ്പും ഇത്തവണ നടക്കും.
അതേസമയം സെൻസസ് സമയത്ത് അടഞ്ഞുകിടക്കുന്ന വീടുകൾ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ലെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.