ആലുവയിൽ 20,570 ലിറ്റർ സ്പിരിറ്റ് പിടികൂടി; കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയെന്ന് എക്സൈസ് മന്ത്രി

35 ലിറ്റർ വീതം ശേഷിയുള്ള 605 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്
Excise seizes 20,570 litres of spirit in Aluva

ആലുവയിൽ 20,570 ലിറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്

representative image

Updated on: 

കൊച്ചി: ആലുവയ്ക്ക് സമീപം ശ്രീമൂലനഗരത്തെ സ്വകാര്യ ഗോഡൗണിൽ നിന്ന് 20,570 ലിറ്റർ സ്പിരിറ്റ് പിടികൂടിയതായി എക്സൈസ് മന്ത്രി എം. ലിജു. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിതെന്ന് മന്ത്രി വിശേഷിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' എന്ന പരിശോധനാ നടപടിയുടെ ഭാഗമായിരുന്നു റെയ്ഡ്. 35 ലിറ്റർ വീതം ശേഷിയുള്ള 605 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തോമസ്, റിജോ, നവാസ് എന്നിവരാണ് കേസിലെ പ്രതികൾ. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലേക്കും പാലക്കാട്ടേക്കും അനധികൃത മദ്യവിൽപന ശൃംഖലകൾ വഴി വിതരണം ചെയ്യുന്നതിനായാണ് പ്രതികൾ ഗോഡൗണിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം.

ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ ജോസ് പ്രതാപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്റ്റർ ശ്യാംകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്റ്റർമാരായ ജോൺസൺ, അരുൺകുമാർ എന്നിവരും എക്സൈസ് ഷാഡോ സംഘവും റെയ്ഡിൽ പങ്കെടുത്തു.