24-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: 9, 10, 11 തീയതികളിൽ കളമശേരി വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ

മേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി 15 സബ്കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു
24-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: 9, 10, 11 തീയതികളിൽ കളമശേരി വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ
Updated on

കളമശേരി : 24-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം എറണാകുളം ജില്ലയിലെ കളമശേരി ഗവൺമെന്‍റ് വി.എച്ച്.എസ്.എസ്.-ൽ വച്ച് 9, 10, 11 തീയതികളിൽ നടക്കും. എട്ട് വേദികളിലായി ക്രമീകരിച്ചിരിക്കുന്ന വിവിധ കലാമത്സരങ്ങളിൽ 1600 ലധികം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പങ്കെടുക്കും. മേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി 15 സബ്കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബുദ്ധി, കാഴ്ച, കേൾവി പരിമിതികളുളള കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒമ്പതാം തീയതി വ്യാഴാഴ്ച രാവിലെ 9.15 ന് കളമശേരി വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂൾ ഹാളിൽ, സംസ്ഥാന വ്യവസായ-കയർ വകുപ്പു മന്ത്രി പി.രാജീവിന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടി മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും.

ഒമ്പതാം തീയതി ബുദ്ധി പരിമിതിയുളള കുട്ടികളുടെ വിവിധ കലാമത്സരങ്ങളാണ് നടക്കുന്നത്. 10, 11 തീയതികളിൽ കാഴ്ച, കേൾവി പരിമിതികളുളള കുട്ടികളുടെ മത്സരങ്ങൾ നടത്തും. കേരളത്തിന്‍റെ എല്ലാ ജില്ലകളിൽ നിന്നും എത്തുന്ന കുട്ടികൾക്ക് സമീപ പ്രദേശത്തെ വിവിധ സ്കൂളുകളായ തൃക്കാക്കര കാർഡിനൽ സ്കൂൾ, സെന്‍റ് ജോസഫ് സ്കൂൾ, ഗവൺമെന്‍റ് എച്ച്.എസ്., ഇടപ്പള്ളി എച്ച്.എസ്.എസ്. ആൻഡ് വി.എച്ച്.എസ്.എസ്., ഏലൂർ ഗാർഡിയൻ ഏഞ്ചൽ സ്കൂൾ, കളമശേരി മുനിസിപ്പൽ സ്റ്റേഡിയം, കങ്ങരപ്പടി എസ്.എൻ.യു.പി സ്കൂൾ, ഏലൂർ ഫാക്ട് ഈസ്റ്റേൺ സ്കൂൾ, ഇടപ്പള്ളി സെന്‍റ് ജോർജ്ജ് സ്കൂൾ എന്നിവിടങ്ങളിൽ താമസ സൗകര്യം ക്രമീരിച്ചിട്ടുണ്ട്.

താമസസ്ഥലത്തു നിന്നും മത്സരവേദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും എസ്കോർട്ടിംഗ് ടീച്ചേഴ്സിനും എല്ലാ ദിവസങ്ങളിലും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. 11-ാം തീയതി നാലുമണിക്ക് ചേരുന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും.

പത്രസമ്മേളനത്തിൽ എ.ഡി.പി.ഐ. ഷൈൻമോൻ എം.കെ., എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ, റീജിയണൽ ഉപഡയറക്ടർ വഹീദ.കെഎ., ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജ്യോത്സ്നാ സി.വി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എച്ച്.സുബൈർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി.എ. അസൈനാർ, പബ്ലിസിറ്റി കൺവീനർ ബോസ്മോൻ ജോസഫ്, കമ്മിറ്റി അംഗങ്ങളായ ടോബിൻ.കെ.അലക്സ്, ജോർജ്ജുകുട്ടി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com