
പത്തനംതിട്ട : റാന്നിയില്‍ അടുത്തിടെ കടുവയുടെ സാന്നിധ്യം ഉണ്ടായ പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധന നടത്തുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുവാനും വനംവകുപ്പിന്റെ 25 അംഗങ്ങള്‍ അടങ്ങുന്ന സ്പെഷ്യല്‍ സ്‌ക്വാഡിനെ സജ്ജമാക്കിയതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി രാജാംപാറയിൽ പുതിയതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മറ്ററിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കടുവയെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടന്നു വരുന്നു. കൂടും ഒരുക്കിയിട്ടുണ്ട്. ജനങ്ങളൊടൊപ്പം ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തിക്കും.
ജനങ്ങളുടെ ജീവനോടൊപ്പം അവരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി വനംവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നു വരുന്നു. ജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ മന്ത്രിമാരോട് നേരിട്ട് പറയുന്നതിനായി സംസ്ഥാനത്തിന്റെ 21 മേഖലകളിലായി കാടിനെ കാക്കാം നാടിനെ കേള്‍ക്കാം എന്ന സന്ദേശവുമായി ബഹുജന സമ്പര്‍ക്ക പരിപാടികള്‍ നടത്തി. ഇതില്‍ പ്രധാനമായും തീരുമാനിച്ച കാര്യമാണ് വനം വകുപ്പിനെ കൂടുതല്‍ ജനസൗഹാര്‍ദമായി മാറ്റിയെടുക്കുക എന്നത്.
ജനങ്ങളുടെ പരാതികള്‍ സഹായാനുഭൂതിയോടെ കേട്ട് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം. വനംവകുപ്പ് 24 മണിക്കൂറും ഒരു ദ്രുതകര്‍മ സേനയെ പോലെ പ്രവര്‍ത്തിക്കേണ്ട വകുപ്പാണ്. ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്ന ബാധ്യത സര്‍ക്കാരിനുണ്ട്. ഇതിന്റെ ഭാഗമായാണ് ഫോറസ്റ്റ് സ്റ്റേഷനുകള്‍ നവീകരിക്കുന്നത് - മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് മന്ത്രി നഷ്ടപരിഹാരം വിതരണം ചെയ്തു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വൈസ് പ്രസിഡന്റ് പി.എസ്. സുജ, റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, സതേണ്‍ സര്‍ക്കിള്‍ കൊല്ലം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന്‍ കുമാര്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍കോറി തുടങ്ങിയവര്‍ പങ്കെടുത്തു.