

തൃശൂർ: നഗരത്തിലൂടെ അപകടകരമാം വിധം സ്കേറ്റിങ് ചെയ്‌ത യുവാവ് പിടിയിൽ. മുംബൈ സ്വദേശി സുബ്രത മണ്ടൽ (25) നെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തിൽ റോഡില്‍ സ്കേറ്റിങ് നടത്തിയതിനാണ് സുബ്രത മണ്ടലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുബൈയിൽ നിന്നു ആറു ദിവസം കൊണ്ടാണ് സുബ്രത തൃശൂരിലെത്തിയത്. തൃശൂരിൽ ജോലി ചെയ്യുന്ന സഹോദരനെ കാണാനായിരുന്നു സ്കേറ്റിങ് ചെയ്ത് സുബ്രത എത്തിയത്. ഡിസംബര്‍ 11നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോൺക്രീറ്റ് തൊഴിലാളിയായ സുബ്രത തൃശൂർ സ്വരാജ് റൗണ്ടിലൂടെ അപകടകരമായ രീതിയിൽ സ്കേറ്റിങ് നടത്തുകയായിരുന്നു.
ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ട് സ്‌കേറ്റിങ് നടത്തുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. തുടർന്ന് ഇത് വാർത്തയായതോടെ ഇയാൾക്കെതിരേ പൊലീസ് കേസെടുത്തെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് 17 ന് ഉച്ചയോടെ വീണ്ടും ഇയാൾ സ്വരാജ് റൗണ്ടിലൂടെ സ്കേറ്റ് ചെയ്യുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പിടിയിലായതിന് പിന്നാലെ കഴിഞ്ഞ ദിവസം പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിലൂടെ ഇയാൾ സ്കേറ്റിങ് നടത്തിയതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.