
കോട്ടയം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ മംഗലാപുരം - കോട്ടയം റൂട്ടിൽ സർവീസ് നടത്തും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു ശേഷം ട്രെയിന്‍ എൻജിനും ബോഗികളും ചെന്നൈയിൽ നിന്നു കേരളത്തിലേക്ക് എത്തിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം.
ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ഓണസമ്മാനമായി കേരളത്തിൽ നേരത്തെയത്തുമെന്നായിരുന്നു വിവരം. എന്നാൽ, ഇലക്‌ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും കൂടുതൽ നിർദേശങ്ങൾ ലഭിക്കാതിനാലാണ് ട്രെയിന്‍ എത്താതിരുന്നതെന്നാണ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ, റൂട്ട് സംബന്ധിച്ച അനിശ്ചിതത്വമാണ് വൈകാൻ കാരണമായതെന്നും സൂചനയുണ്ട്.
നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിക്കുന്നു. അതേസമയം, പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാമന്ത്രി തീയതി നൽകാത്തതും ട്രെയിന്‍ വൈകാന്‍ കാരണമായെന്നാണ് വിവരം. അതിനാൽ തന്നെ ഡിസൈന്‍ മാറ്റിയ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ തന്നെ കേരളത്തിന് കിട്ടുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.