

സണ്ണി എം. കപിക്കാട്.
കൊച്ചി: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായ സണ്ണി എം. കപിക്കാട്. ശബരിമല അയ്യപ്പനെ കുറിച്ചോ മാളികപ്പുറത്തമ്മയെ കുറിച്ചോ മോശമായ പരാമർശം നടത്തിയിട്ടില്ലെന്ന് സണ്ണി കപിക്കാട് മാധ്യമങ്ങളോട് പറഞ്ഞു. പ്രസംഗത്തിൽ ഉപയോഗിച്ച വാക്കുകളെ കുറിച്ച് ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവുണ്ടായി. അഭിപ്രായങ്ങളിലോ വിമർശനങ്ങളിലോ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തി മാറ്റി വിവാദമാക്കുന്നത് ഹിന്ദുത്വവാദികളാണെന്നും സണ്ണി കപിക്കാട് പറഞ്ഞു. അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ സണ്ണി എം. കപിക്കാടിനെതിരേ കേസെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കേസ് നിയമപരമായി നേരിടുമെന്നും സണ്ണി എം. കപിക്കാട് വ്യക്തമാക്കി.
മലയാളം സർവകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു വിവാദ പരാമർശം. പിന്നാലെ പ്രസ്താവനയെ അപലപിച്ച് ഒട്ടേറെ സംഘടനകൾ പൊലീസിൽ പരാതി നൽകിയിരുന്നു. പന്തളം കൊട്ടാരം ഭാരവാഹികൾ, ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണ പാത സംരക്ഷണ സമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി തുടങ്ങി ഒട്ടേറെ സംഘടനകൾ സണ്ണി എം കപിക്കാടിനെതിരെ നിയമനടപടി ആവശ്യപ്പെട്ടിരുന്നു.