31 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്; വോട്ടെണ്ണൽ ഡിസംബർ 11ന്

ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക.
31 local wards By-elections on December 10; vote Counting on December 11
31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.​ ​ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ്.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 50 പേർ സ്ത്രീകൾ. വോട്ടെടുപ്പിന് 192 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്‌, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ അടുത്തിടെ നടന്നതിനാലാണിത്.

പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിങ് മെഷീനുകളും സജ്ജമാക്കി. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്റ്റോ​ബർ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 1,51,055 വോട്ടർമാരാണുള്ളത് 71,967 പുരുഷന്മാരും 79,087 സ്ത്രീകളും. ഒരു ട്രാൻസ്‌ജെൻഡറുമുണ്ട്. കമ്മീഷന്‍റെ www.sec.kerala.gov.in വെബ്‌സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക പരിശോധിക്കാം.​ പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഫലം www.sec.kerala.gov.in വെബ്സൈറ്റിലെ ട്രെ​ൻ​ഡ് വി​ഭാ​ഗ​ത്തി​ൽ ​ലഭ്യമാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com