
ജഡ്ജിമാർക്കു വേണ്ടി 32 വാഹനങ്ങൾ വാങ്ങും
freepik - Representative image
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങള്‍ വാങ്ങാൻ സംസ്ഥാന മന്ത്രിസഭായോഗം അനുമതി നല്‍കി. ഒപ്പം എല്‍ബിഎസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജിയുടെ ഉപയോഗത്തിനും പുതിയ വാഹനം വാങ്ങും.
ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്‍റ് പ്ലീഡർമാരുടെയും ഗവൺമെന്‍റ് പ്ലീഡർമാരുടെയും 3 വീതം അധിക തസ്തികകൾ സൃഷ്ടിക്കും.
തിരുവനന്തപുരം പേട്ട, കടകംപള്ളി വില്ലെജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡിന് 10 വര്‍ഷത്തേക്ക് 3,51,84,072 രൂപ വാര്‍ഷിക നിരക്കില്‍ നിബന്ധനകളോടെ പാട്ടത്തിന് നല്‍കും.
കൊല്ലം ജില്ലയിലെ അമ്പലംകുന്ന് റോഡിന്‍റെ പ്രവൃത്തിക്കായി 9,21,12,386 രൂപയുടെ ടെൻഡർ അംഗീകരിച്ചു.
ഇതോടൊപ്പം എറണാകുളം കുന്നത്തുനാട്ടിൽ ട്രാവൻകൂർ റയോൺസിന് മുൻപ് പാട്ടത്തിന് നൽകിയിരുന്ന 30 ഏക്കർ ഭൂമി 64.13 കോടി ന്യായവില ഈടാക്കി കിൻഫ്രയ്ക്ക് വ്യവസായ പാർക്ക് സ്ഥാപിക്കാൻ പതിച്ചു നൽകാൻ തീരുമാനിച്ച മുൻ ഉത്തരവിലെ ഭൂമി വില 12.28 കോടി രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഭേദഗതി ചെയ്യും.