

ശീലാവ് മത്സ്യം
കൊച്ചി: ശീലാവ് മത്സ്യത്തിന്‍റെ കടിയേറ്റ് 32 വയസുകാരന്‍റെ നട്ടെല്ലിന് ഗുരുതര പരുക്ക്. ശീലാവെന്ന് അറിയപ്പെടുന്ന ബറാക്കുഡ മത്സ്യമാണ് മാലിദ്വീപ് സ്വദേശിയായ യുവാവിനെ മീൻപിടിക്കുന്നതിനിടെ ആക്രമിച്ചത്. ഇടത് കൈയും കാലും തളർന്ന യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്ക് മാറ്റി.
മത്സ്യത്തിന്‍റെ കടിയേറ്റ് നട്ടെല്ലിനും സുഷുമ്ന നാഡിക്കും തകരാറ് സംഭവിച്ചതിന് പിന്നാലെയാണ് യുവാവിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്. കടലിന്‍റെ അടിയിൽ നിന്ന് കടൽ വെള്ളരി ശേഖരിക്കുന്നതിനിടയിലാണ് ശീലാവ് മത്സ്യം ആക്രമിച്ചത്.
കടലിൽ അതീവ അപകടകാരിയായ ടൈഗർ ഫിഷിന്‍റെ ഗണത്തിലുള്ള മത്സ്യത്തിന്‍റെ പല്ലിന്‍റെ പത്തിലധികം ഭാഗങ്ങളാണ് 32കാരന്‍റെ സുഷുമ്ന നാഡിയിൽ തറഞ്ഞുകയറിയ നിലയിൽ കണ്ടെത്തിയത്.
ആദ്യം മാലി ദ്വീപിലെ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന്‍റെ ആരോഗ്യനില വഷളായതോടെയാണ് കൊച്ചിയിലേക്ക് മാറ്റിയത്. അടിയന്തര ശസ്ത്രക്രിയയിലൂടെ 32കാരന്‍റെ സുഷുമ്ന നാഡിയിൽ നിന്ന് മത്സ്യത്തിന്‍റെ പല്ലുകൾ നീക്കം ചെയ്യുകയായിരുന്നു.