

#ബിനീഷ് മള്ളൂശേരി
കോട്ടയം: ഒരു തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥി ഇല്ലാതായാൽ അഥവാ മരണപ്പെട്ടാൽ എന്തായിരിക്കും സംഭവിക്കുക. അതും പ്രവചനാതീതമായ മരണം. പ്രകൃതിക്ഷോഭത്തിൽ ഇടിമിന്നലേറ്റാണ് 1991ൽ കോട്ടയത്ത് ഒരു സ്ഥാനാർഥി ഇല്ലാതായത്. പക്ഷേ പാർട്ടി ഉണർന്ന് പ്രവർത്തിച്ചു. പകരക്കാരനായി പാർട്ടിയുടെ അമരക്കാരൻ കെ.എം മാണി പുതിയ സ്ഥാനാർഥിയെ നിയോഗിച്ചു. മറ്റാരുമായിരുന്നില്ല ബാങ്കിങ് മേഖലയില്‍ നിന്ന് പൊതുപ്രവര്‍ത്തന രംഗത്തേക്ക്, അന്തരിച്ച സ്ഥാനാർഥിയുടെ സഹോദരൻ തോമസ് ചാഴികാടൻ. നാളെ ബാബു ചാഴികാടന്റെ 33-ാം അനുസ്മരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർപ്പു ക്കരയിൽ വച്ച് ഇടിമിന്നലേറ്റായിരുന്നു ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ബാബു ചാഴികാടന്‍റെ മരണം. ഇന്ന് കോട്ടയത്തെ യുഡിഎഫ് ലോക്സഭാ സ്ഥാനാര്‍ഥിയായ തോമസ് ചാഴികാടന്റെ രാഷ്ട്രീയ പ്രവേശത്തിന് കളമൊരുക്കിയതും ഈ സംഭവമാണ്.
കടുത്തുരുത്തി ദേവമാതാ കോളെജിൽ നിന്നും കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ യൂത്ത് ഫ്രണ്ടിലൂടെ രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ഒരു ജനകീയ നേതാവായിരുന്നു ബാബു ചാഴികാടൻ. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന ബാബു ചാഴികാടന്‍ 1991 മേയ് 15ന് വൈകിട്ട് ആര്‍പ്പൂക്കര വാര്യമുട്ടത്ത് തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് വരുന്നതിനിടെ അപ്രതീക്ഷിതമായാണ് ഇടിത്തീയായി മിന്നലെത്തിയത്. പാടത്തിന് നടുവിലൂടെയുള്ള വഴിയുടെ മുകളിലൂടെ ഉഗ്രശേഷിയുള്ള വൈദുതലൈനുമുണ്ടായിരുന്നു. ഇടിവെട്ടേറ്റ് ശരീരത്തെ പൂമാലകൾ പൊട്ടിച്ചിതറിയപ്പോൾ സ്ഥാനാർഥിയും ഒപ്പം ഈ ലോകത്ത് നിന്നും യാത്രയായി. അന്ന് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്‌ഥാനാർഥി രമേശ് ചെന്നിത്തലയാണ്. അദ്ദേഹവും ചാഴികാടനൊപ്പം ജീപ്പിലുണ്ടായിരുന്നു.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രമേശ് ചെന്നിത്തല ഏറ്റുമാനൂർ മണ്ഡലത്തിലേക്ക് തന്റെ പ്രചരണവുമായി കടന്നുവരുന്ന ദിവസം ബാക്കിയുള്ള പ്രചരണ പരിപാടികളെല്ലാം ഒന്നിച്ചാകാമെന്ന് ബാബു തീരുമാനിച്ചു. അന്ന് അവരൊന്നിച്ചുള്ള യാത്രയിലായിരുന്നു ആ ദുരന്തം. രമേശ് ചെന്നിത്തല പലപ്പോഴും അതേപ്പറ്റി ഓർമയിൽ പറയാറുണ്ട്. ഇടിമിന്നലേറ്റ് ബാബു ചാഴികാടൻ മരണപ്പെട്ടതോടെ രാഷ്ട്രീയം മാറി. സഹോദരൻ തോമസ് ചാഴികാടൻ കളത്തിലേക്കെത്തിപ്പെട്ടു.
കന്നിയങ്കത്തില്‍ ഏറ്റുമാനൂരില്‍ നിന്ന് നിയമസഭയിലെത്തിയ തോമസ് ചാഴികാടന്‍ പിന്നീട് 1996, 2001, 2006 തെരഞ്ഞെടുപ്പുകളിൽ തുടര്‍ച്ചയായി വിജയം കൊയ്തു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. ഇന്നും എന്നും നോവായി മനസിൽ സഹോദരനുണ്ടെന്ന് തോമസ് ചാഴികാടൻ പറയുന്നു.
അനുസ്മരണം:
കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ബാബു ചാഴികാടൻ അനുസ്മരണം സംഘടിപ്പിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് 3.30ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിലാണ് പരിപാടി. സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടനാണ് അധ്യക്ഷത. അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും.
യോഗത്തിൽ തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ സർക്കാർ ചീഫ് വിപ്പ് എൻ ജയരാജ്, ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, പ്രൊഫ ലോപ്പസ് മാത്യു അലക്സ് കോഴിമല, സാജൻ തൊടുക, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, ജനറൽ സെക്രട്ടറി ഷെയ്ക് അബ്ദുള്ള തുടങ്ങിയവർ പ്രസംഗിക്കും. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി രാവിലെ 6.30 തിന് അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിൽ ദിവ്യബലിയും കുടുംബ കല്ലറയിൽ പ്രത്യേക പ്രാർഥനയും ഉണ്ട്. തുടർന്ന് കേരള കോൺഗ്രസ് എം നേതൃത്വത്തിൽ രാവിലെ10ന് വാരിമുട്ടത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും.