
ഷാജൻ സ്കറിയ
ഇടുക്കി: മാധ‍്യമപ്രവർത്തകനും "മറുനാടൻ മലയാളി"എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന നാലു പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്.
ആക്രമണത്തിനു ശേഷം പ്രതികൾ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. വധശ്രമം ഉൾപ്പെടയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു ഷാജൻ സ്കറിയയ്ക്കു നേരേ ആക്രമണമുണ്ടായത്. ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ഷാജൻ സ്കറിയ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്നെത്തി പ്രതികൾ മർദിച്ചത്.
കണ്ടാലറിയാവുന്ന ആളുകളാണെന്നും സിപിഎം പ്രവർത്തകരാണെന്നുമായിരുന്നു ഷാജൻ സ്കറിയ പൊലീസിനു നൽകിയ മൊഴി. തന്നെ വധിക്കാനായുള്ള ശ്രമമായിരുന്നുവെന്ന് ഷാജൻ മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു. മാത‍്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവർത്തകനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും ഷാജൻ വ‍്യക്തമാക്കിയിരുന്നു.