ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചത് നാല് ലക്ഷം വീടുകൾ

സംസ്ഥാനത്തുണ്ടായ നിക്ഷേപം 15,559.84 കോടി രൂപയുടേത്. 5,20,945 പേർക്ക് തൊഴിൽ കിട്ടി: കേരള സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്
4 lakh houses completed under Life Mission
ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചത് നാല് ലക്ഷം വീടുകൾ

തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം ഇതുവരെ 4,03,811 വീടുകൾ പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് കൈമാറി പ്രകാശനം ചെയ്ത പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൂർത്തിയാക്കിയത് 1,41,680 വീടുകളാണ്. 2021 മുതൽ 2,44,702 സംരംഭങ്ങൾ ആരംഭിച്ചു. ഇവയിലൂടെ സംസ്ഥാനത്തുണ്ടായ നിക്ഷേപം 15,559.84 കോടി രൂപയാണ്. 5,20,945 പേർക്ക് തൊഴിൽ കിട്ടി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 37,124 പേർക്ക് പിഎസ് സിയിലൂടെ നിയമനോത്തരവ് നൽകിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റം പ്രകാരം 1,08,242 പേര്‍ക്ക് തൊഴില്‍ നല്‍കി,മൂന്ന് ഐടി പാര്‍ക്കുകളിലുമായി ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ മാത്രം 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. തൊഴിലുറപ്പു പദ്ധതി വഴി 2023-24ല്‍ 16.61 ലക്ഷം പേര്‍ക്ക് തൊഴില്‍. 75 ദിവസം തൊഴിലെടുത്ത 7,38,130 കുടുംബങ്ങള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സായി 1,000 രൂപ വീതം നല്‍കി. പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങളായ ലംപ്സം ഗ്രാന്‍റ്, സ്റ്റൈപ്പന്‍റ്, പോക്കറ്റ് മണി എന്നിവ നിലവിലുള്ള നിരക്കിന്‍റെ 20 ശതമാനം വര്‍ദ്ധിപ്പിച്ചു.

പട്ടികജാതി വിഭാഗക്കാരുടെ ഭവന നിര്‍മ്മാണത്തിനായി 195 കോടി രൂപ ലൈഫ് മിഷന് കൈമാറി. 56,994 വീടുകള്‍ അനുവദിച്ചു. 4,21,832 മുന്‍ഗണന കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് തരംമാറ്റി വിതരണം നടത്തി. 4,48,692 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. എട്ട് സര്‍വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രെഡിറ്റേഷന്‍ ലഭിച്ചു. 900 ബിരുദ പ്രോഗ്രാമുകളും 204 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും പുതുതായി അനുവദിച്ചു. ദേവസ്വം ബോര്‍ഡുകള്‍ക്കും പത്മനാഭ സ്വാമി ക്ഷേത്രത്തിനും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ കാലയളവില്‍ 325.53 കോടി രൂപ നല്‍കിയെന്നും പ്രോഗ്രസ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com