4 വർഷ ബിരുദം, ജൂലൈ 1ന് തുടങ്ങും: മന്ത്രി ഡോ. ആർ ബിന്ദു

തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലർത്തുന്ന കേരളത്തിലെ 4വർഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും
4 year degree starts jult 1st
മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ 4വർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ 1ന് 'വിജ്ഞാനോത്സവ'ത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. തിരുവനന്തപുരം ഗവ. വിമൻസ് കോളെജിലാണ് ഉച്ചക്ക് 12 ന് ചടങ്ങ്.

ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും ആർട്സ് ആന്റ് സയൻസ് കോളെജുകളിൽ 4 വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലർത്തുന്ന കേരളത്തിലെ 4വർഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് 4വർഷ ബിരുദ പരിപാടി. ഇതോടനുബന്ധിച്ച് ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

യുജിസി മുന്നോട്ടു വെച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ എന്നിവ കണക്കിലെടുത്തുകൊണ്ടും, പ്രയോഗിക ബദലുകൾ ഉൾച്ചേർത്തുകൊണ്ടുമാണ് കരിക്കുലം ചട്ടക്കൂട് ഡോ. സുരേഷ് ദാസ് നേതൃത്വം നൽകിയ കരിക്കുലം കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. അറിവ് നേടുന്നതിനൊപ്പം, അറിവ് ഉൽപാദിപ്പിക്കുന്നതിനും പ്രായോഗികമായ അറിവുകൾ ആർജ്ജിക്കുന്നതിനും സംരംഭകത്വ താൽപര്യങ്ങൾ ജനിപ്പിക്കുന്നതിനും സഹായിക്കുന്ന വിധത്തിലാണ് കരിക്കുലം ഫ്രെയിം വർക്ക്.

സംസ്ഥാനത്തെ മുഴുവൻ കോളെജുകളിലും 3വർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും, താൽപര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താൽപര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് ബിരുദ പ്രോഗ്രാമിന്‍റെ ഘടന. വിദേശ രാജ്യങ്ങളിലേതുപോലെ പൂർണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ചു സ്വന്തം കഴിവുകൾ വികസിപ്പിക്കാനും പ്രൊഫഷണൽ ലക്ഷ്യങ്ങൾക്ക് സഹായകരമാവും വിധം വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്തു സ്വന്തം ബിരുദഘടന രൂപകൽപന ചെയ്യാനും കഴിയുന്ന തരത്തിലാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. അതുവഴി നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റവുമായും (ഇസിടിഎസ്) അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സവിധാനവുമായും കൈമാറ്റം ചെയ്യാനാവുമെന്നും മന്ത്രി വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.