
നാലുവയസുകാരന്‍ ചോക്ലേറ്റ് കഴിച്ച് അബോധാവസ്ഥയിലായ സംഭവം; ലഹരിയെന്ന ആരോപണം തള്ളി പൊലീസ്
കോട്ടയം: കോട്ടയം മണർക്കാട് നാലുവയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുണ്ടെന്ന ആരോപണം തള്ളി പൊലീസ്. ആശുപത്രിയിൽ നിന്നും നൽകിയ മരുന്നിന്‍റെ ഫലമായാണ് കുട്ടിയുടെ ശരീരത്തിൽ ബെൻസോഡയാസിപെൻ രൂപപ്പെട്ടതെന്നും അതല്ല കുട്ടി അബോധാവസ്ഥയിലാവാൻ കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ മാസം 17നായിരുന്നു ചോക്ലേറ്റ് കഴിച്ച് നാലുവയസുകാരൻ അബോധാവസ്ഥയിലായത്. ആദ‍്യം മെഡിക്കൽ കോളെജിലെ ഐസിഎച്ചിൽ കാണിക്കുകയും പിന്നീട് ആരോഗ‍്യനില മോശമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ ശരീരത്തിൽ രാസവസ്തുവിന്‍റെ അംശം കണ്ടെത്തുകയായിരുന്നു.
തുടർന്ന് അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ പൊലീസ് മേധാവിക്കും കലക്റ്റർക്കും പരാതി നൽകി. സ്വകാര‍്യ ആശുപത്രിയിൽ വച്ച് കുട്ടിക്ക് എംആർഐ സ്കാൻ നടത്തിയിട്ടുണ്ടായിരുന്നു. ഇതിന് മുമ്പായി ബെൻസോഡയാസിപെൻ മരുന്ന് സാധാരണയായി നൽകാറുണ്ട്. ഇതാണ് ലഹരിപദാർഥമെന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ സ്കൂളിൽ നിന്നും വന്ന സമയത്ത് കുട്ടി അൂബോധാവസ്ഥയിലായത് എങ്ങനെയെന്ന് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. സ്കൂളിൽ വച്ച് മറ്റ് കുട്ടികളും ചോക്ലേറ്റ് കഴിച്ചിരുന്നു എന്നാൽ അവർക്കാർക്കും യാതൊരു പ്രശ്നവുമില്ല. അതിനാൽ ഭക്ഷ‍്യവിഷബാധയാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നു.