47,050 kg of waste was collected from the disaster area in 6 days
ദുരന്തഭൂമിയിൽ നിന്നും 6 ദിവസം കൊണ്ട് ശേഖരിച്ചത് 47,050 കിലോഗ്രാം പാഴ്വസ്തുക്കള്‍

ദുരന്തഭൂമിയിൽ നിന്നും 6 ദിവസം കൊണ്ട് ശേഖരിച്ചത് 47,050 കിലോഗ്രാം പാഴ്‌വസ്തുക്കള്‍

ദുരന്ത ബാധിതരെ താമസിപ്പിച്ചിരിക്കുന്ന 12 ക്യാമ്പുകളില്‍ നിന്നും ശേഖരിക്കപ്പെടുന്ന അജൈവ പാഴ്വസ്തുക്കളും വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചതില്‍ ഉപയോഗപ്രദമല്ലാത്ത തുണികളും ഉള്‍പ്പെടും
Published on

തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും ശുചീകരണവുമായി ബന്ധപ്പെട്ട് ആറു ദിവസം കൊണ്ട് ശേഖരിച്ചത് 47,050 കിലോഗ്രാം പാഴ്വസ്തുക്കള്‍. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതും ദുരന്തബാധിതരെ പുനരധിവസിപ്പിച്ചിരിക്കുന്ന ക്യാമ്പുകളില്‍ ഉണ്ടാകുന്നതുമായ അജൈവ പാഴ്വസ്തുക്കള്‍ ശേഖരിച്ച് സംസ്ക്കരണം നടത്തുന്നത് സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിയാണ്.

ക്ലീന്‍ കേരള കമ്പനി വയനാട് ജില്ലാ ഓഫീസ്, ജില്ലാ ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവരുമായി ചേര്‍ന്നാണ് പാഴ്വസ്തു ശേഖരണ പ്രവര്‍ത്തനങ്ങള്‍ ഏകോപനം നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതില്‍ വോളന്‍റിയര്‍മാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. 2018 ലെ പ്രളയാനന്തര മാലിന്യ ശേഖരണം, സംസ്ക്കരണം മാതൃകാപരമായി നടത്തിയതിന്‍റെ അനുഭവ പരിചയം കമ്പനിക്കു മുതല്‍ കൂട്ടാണ്. ദുരന്ത പ്രദേശത്ത് നിന്നും ഓഗസ്റ്റ് 1 മുതല്‍ ക്ലീന്‍ കേരള കമ്പനി പാഴ്വസ്തു നീക്കം ചെയ്യാന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ദുരന്ത ബാധിതരെ താമസിപ്പിച്ചിരിക്കുന്ന 12 ക്യാമ്പുകളില്‍ നിന്നും ശേഖരിക്കപ്പെടുന്ന അജൈവ പാഴ്വസ്തുക്കള്‍ ദുരന്ത ബാധിതര്‍ക്കായി വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചതില്‍ ഉപയോഗപ്രദമല്ലാത്ത 11190 കി.ഗ്രാം തുണികള്‍ ഉള്‍പ്പെടും. ക്യാമ്പുകളില്‍ നിന്നും നാളിതുവരെ ഭക്ഷണ സാധനങ്ങള്‍ കൂടിക്കലര്‍ന്ന 20 ടണ്‍ മാലിന്യമാണ് കമ്പനി നീക്കം ചെയ്തത്. മാലിന്യ നീക്കത്തിന് ഒരു ദിവസം ശരാശരി 7 വാഹനങ്ങളാണ് പ്രദേശത്ത് ക്രമീകരിച്ചിട്ടുള്ളത്. ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ശുചിത്വ മിഷന്‍ , യൂണിറ്റി എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകര്‍ എന്നിവരാണ് മാലിന്യം നീക്കുന്നത്. വിവിധയിടങ്ങളില്‍ നിന്ന് സഹായമായി വരുന്ന ഉപയോഗ ശൂന്യമായ തുണികളും ഭക്ഷണ പദാര്‍ഥങ്ങളും മാലിന്യത്തില്‍ ഉള്‍പ്പെടുന്നു. ദിവസവും ശരാശരി എട്ട് ലോഡ് വരെ മാലിന്യ നീക്കം നടക്കുന്നു. ശുചീകരണ തൊഴിലാളികളെ മന്ത്രി എം.ബി. രാജേഷ് നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.

.

logo
Metro Vaartha
www.metrovaartha.com