
തിരുവനന്തപുരം: ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും മറ്റ് ഹൃദ്രോഗങ്ങൾ മൂലവും തീർഥാടകർ മരണപ്പെടുന്നത് ഒഴിവാക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റർ (എഇഡി) ഉപകരണം വാങ്ങുന്നു.
ആദ്യ ഘട്ടമായി ഇത്തരം 5 എഇഡി ഉപകരണങ്ങൾ ഡിസംബർ 20 ന് ശബരിമലയിൽ എത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐഎംഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഹൃദയസ്തംഭനം അനുഭവപ്പെടുന്ന തീർത്ഥാടകന് 10 മിനിറ്റിനുള്ളിൽ എഇഡി ലഭ്യമാക്കാൻ സാധിച്ചാൽ മരണനിരക്ക് 80 ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചത്.
പമ്പയിൽ നിന്ന് അപ്പാച്ചിമേട്ടിലേക്കുള്ള വഴിയിലെ എമർജൻസി മെഡിക്കൽ സെന്‍ററുകളിലാണ് എഇഡി ലഭ്യമാവുക. പമ്പ- സന്നിധാനം വഴിയിലെ ഓരോ അര കിലോമീറ്ററിലും ഒരു എഇഡി ഉറപ്പാക്കും.
പ്രത്യേക നിധി സ്വരൂപിക്കാൻ ആലോചന
നിലവിൽ ഹൃദയസ്തംഭനം മൂലവും മറ്റുമുള്ള തീർഥാടകരുടെ സ്വാഭാവിക മരണത്തിന് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാൻ അടുത്ത വർഷം മുതൽ പ്രത്യേക നിധി രൂപീകരിക്കും. വെർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിർബന്ധമല്ലാത്ത രീതിയിൽ 10 രൂപ വീതം വാങ്ങും. ഈ തുക ഉപയോഗിച്ചാണ് പ്രത്യേക നിധി സ്വരൂപിക്കുക.
തീർഥാടകർക്ക് 10 രൂപ നൽകാതെയും വിർച്വൽ ക്യു ബുക്ക് ചെയ്യാം. ഈ ഫണ്ടിൽ നിന്ന് മലക്കയറ്റത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് 5 ലക്ഷം രൂപ ആശ്വാസ സഹായമായി നൽകാം.
ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായുള്ള ആരോഗ്യ ഇൻഷ്വറൻസ് സ്കീമുകൾ ലഭ്യമല്ലാത്തതുകൊണ്ടാണ് ബോർഡ് പ്രത്യേക നിധി ആവിഷ്കരിക്കുന്നത്.
കഴിഞ്ഞവർഷം ശബരിമല ദർശനത്തിനിടെ ഹൃദയാഘാതവും മറ്റ് ഹൃദ്രോഗങ്ങളും കാരണം 48 പേർ മരിച്ചതായാണ് കണക്ക്. മരിക്കുന്ന പലരും നിർധന കുടുംബത്തിലെ അംഗങ്ങളാണ് എന്നതും കൂടി കണക്കിലെടുത്തു കൊണ്ടാണ് ബോർഡിന്‍റെ പുതിയ തീരുമാനം.