
കളമശേരിയിൽ 5 വിദ്യാർഥികൾക്ക് പനിയും ഛർദിയും; സ്കൂൾ അടച്ചിടാൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശം
കൊച്ചി: കളമശേരിയിൽ കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ട 5 കുട്ടികൾ ചികിത്സ തേടി. കളമശേരി സെന്‍റ് പോൾസ് ഇന്‍റർനാഷണൽ പബ്ലിക് സ്കൂളിലെ 1,2 ക്ലാസുകളിലെ കുട്ടികളാണ് ചികിത്സ തേടിയത്. എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രിളിലായാണ് കുട്ടികൾ ചികിത്സ തേടിയത്.ഒരാൾ ഐസിയുവിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.
പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടികൾ ഇത്തരം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കുട്ടികൾക്ക് മസ്തിഷ്ക ജ്വരം ലക്ഷണങ്ങളാണെന്നും എന്നാലത് സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരം സ്കൂൾ അടുത്ത ദിവസം നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താത്ക്കാലികമായി അടച്ചു. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടികളിൽ നിന്നെടുത്ത സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.