ഗിന്നസ് നൃത്തം: ദിവ്യ ഉണ്ണിക്ക് അഞ്ച് ലക്ഷം കൊടുത്തു, നടിയുടെ മൊഴിയെടുക്കും

നൃത്ത പരിപാടി കാരണം ഗ്രൗണ്ടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ സംഘാടകരിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സ് നഷ്ടപരിഹാരം തേടും
Divya Unni
ദിവ്യ ഉണ്ണി
Updated on

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിവാദമായ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിയിൽ പങ്കെടുക്കുന്നതിന് നടി ദിവ്യ ഉണ്ണിക്ക് സംഘാടകർ രേഖാമൂലം നൽകിയത് അഞ്ച് ലക്ഷം രൂപ. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിൽ നിന്നാണ് പൊലീസിന് ഈ വിവരം കിട്ടിയത്.

അതേസമയം, ഈ അക്കൗണ്ട് മുഖേനയല്ലാതെ കൂടുതൽ ദിവ്യക്കു നൽകിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരിപാടിക്കു ശേഷം യുഎസിലേക്കു മടങ്ങിയ ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്താനും ആലോചിക്കുന്നു.

ഉമ തോമസ് എംഎൽഎ വേദിയിൽ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റതോടെയാണ് നൃത്ത പരിപാടി വിവാദമായത്. പരിപാടിയുമായി മുന്നോട്ടു പോയ സംഘാടകർ ഗിന്നസ് റെക്കോഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, പരിപാടിക്ക് അനുമതി നൽകേണ്ടെന്ന് ഗ്രേറ്റർ കൊച്ചിൻ അഥോറിറ്റിയുടെ ആദ്യ തീരുമാനം അട്ടിമറിക്കപ്പെട്ടതായും സംശയം ഉയർന്നിട്ടുണ്ട്. ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ഇവിടെ പന്തീരായിരം പേർ പങ്കെടുക്കുന്ന നൃത്ത പരിപാടി നടത്തുന്നത് ഫുട്ബോൾ ടർഫിനു കേടു വരാൻ സാധ്യത ഏറെയാണ്.

ജിസിഡിഎ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ് ചുമതല കേരള ബ്ലാസ്റ്റേഴ്സിനാണ്. ജനുവരി 13നാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത ഹോം മത്സരം. ജിസിഡിഎ, ബ്ലാസ്റ്റേഴ്സ് അധികൃതർ അതിനു മുൻപ് സ്റ്റേഡിയത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേടുപാടുകൾ കണ്ടെത്തിയാൽ നൃത്ത പരിപാടിയുടെ സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം തേടാനാണ് ഉദ്ദേശിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com