
Minister GR Anil
file image
തിരുവനന്തപുരം: ഗതാഗത കരാറുകാർക്ക് കുടിശികത്തുക നൽകാനായി 50 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചെന്നും ശനിയാഴ്ച തന്നെ തുക വിതരണം പൂർത്തിയാക്കുമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ യാതൊരു പ്രതിസന്ധിയുമില്ല. ഗതാഗത കരാറുകാരുടെ സമരം മൂലം സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ പ്രതിസന്ധി നേരിട്ടതായി വന്നിട്ടുള്ള മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
റേഷൻ വിതരണം സുഗമമായി നടന്നുവരുന്നു. മേയ് 23 ഉച്ചവരെ സംസ്ഥാനത്ത് 50,86,993 കുടുംബങ്ങൾ (49.31 ശതമാനം) റേഷൻ കൈപ്പറ്റി. ഇന്നലെ മാത്രം 1,28,449 ഉപഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. 2025 മെയ് 20, 21, 22 തിയതികളിൽ യഥാക്രമം 309500, 309257, 299257 കുടുംബങ്ങൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.
സാധാരണ പ്രതിമാസം ശരാശരി 81 % ഗുണഭോക്താക്കളും റേഷൻ വിഹിതം കൈപ്പറ്റുന്നു. ഇതിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എഎവൈ ഗുണഭോക്താക്കൾ 97 ശതമാനവും പിഎച്ച്എച്ച് ഗുണഭോക്താക്കൾ 94 ശതമാനവുമാണ് റേഷൻ കൈപ്പറ്റാറുള്ളത്. മാസത്തിന്റെ അവസാന ദിനങ്ങളിലാണ് കൂടുതലാളുകളും റേഷൻ കൈപ്പറ്റുക. കഴിഞ്ഞ മാസം 23 വരെ 49.2 ശതമാനം കുടുംബങ്ങളാണ് റേഷൻ വിഹിതം കൈപ്പറ്റിയിട്ടുള്ളത്. ഈ മാസവും അവസാന ദിനങ്ങളിൽ റേഷൻ വിതരണം ശരാശരി നിരക്കിലേക്ക് എത്തിച്ചേരും.
ഗതാഗത കരാറുകാർക്ക് നൽകേണ്ട പ്രതിഫലം ഒന്നോ രണ്ടോ മാസത്തെ കുടിശിക വരാറുണ്ട്. ഇതിനാവശ്യമായ 50 കോടി രൂപ ഇന്നലെ അനുവദിക്കുകയും വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. റേഷൻ കടകളിൽ ഒന്നര മാസത്തെക്കുള്ള സ്റ്റോക്ക് ഉള്ളതിനാൽ പണിമുടക്ക് സമരങ്ങൾ വിതരണത്തെ ബാധിക്കാറില്ല. പോർട്ടബിലിറ്റി സൗകര്യം ഉള്ളതിനാൽ ഏതു കടയിൽ നിന്നും ഉപഭോക്താക്കൾക്ക് റേഷൻ വിഹിതം കൈപ്പറ്റാം. നാളിതുവരെ ഈ രംഗത്ത് ഗൗരവമായ പ്രതിസന്ധി ഉണ്ടായിട്ടില്ല.
എന്നാൽ സംസ്ഥാനത്ത് റേഷൻ വിതരണം താറുമാറായി എന്ന രൂപത്തിലുള്ള തെറ്റായ പ്രചാരണം ജനങ്ങളിൽ ഭീതി പരത്തുവാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. സംസ്ഥാന സർക്കാർ നാലുവർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി.