500 പ്രീ-പ്രൈമറി സ്കൂളുകൾ കൂടി മാതൃകാ സ്കൂളുകളാക്കും

500 പ്രീ-പ്രൈമറി സ്കൂളുകൾ കൂടി മാതൃകാ സ്കൂളുകളാക്കും

ഇതിനകം സംസ്ഥാനത്തെ 650 പ്രീ-പ്രൈമറി സ്കൂളുകളെ മാതൃകാ പ്രീ-പ്രൈമറി സ്കൂളുകളാക്കി മാറ്റാനായി

തിരുവനന്തപുരം: ഈ അക്കാഡമിക് വര്‍ഷാവസാനത്തോടെ 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റാന്‍ കഴിയുമെന്നു മന്ത്രി വി. ശിവൻകുട്ടി. ഇതിനകം സംസ്ഥാനത്തെ 650 പ്രീ-പ്രൈമറി സ്കൂളുകളെ മാതൃകാ പ്രീ-പ്രൈമറി സ്കൂളുകളാക്കി മാറ്റാനായി. എല്ലാ പ്രീ-പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023 ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ പ്രീ-പ്രൈമറി മേഖലയിലെ ശാക്തീകരണത്തിനു നൂതനവും നവീനവുമായ പദ്ധതികള്‍ നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. മികവുറ്റ പ്രീ-സ്കൂള്‍ വിദ്യാഭ്യാസമാണു പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നത്. കേരളത്തിലെ പ്രീ-പ്രൈമറി മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

പട്ടം ഗവ. ജിഎച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷനായി. സ്കൂള്‍ അവധി ദിനത്തിലും സ്കൂളില്‍ പോകാന്‍ കരഞ്ഞ ഇതേ സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർഥിനി ആദി കര്‍പ്പൂരികയെ മന്ത്രി അഭിനന്ദിച്ചു. സമഗ്ര ശിക്ഷ കേരളം ഡയറക്റ്റര്‍ ഡോ. എ. ആര്‍. സുപ്രിയ, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു, സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ അമുല്‍ റോയ് ആര്‍.പി. , ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എസ്.ജവാദ് , ജില്ലാ പ്രോഗ്രാം ഓഫിസര്‍ റെനി വര്‍ഗീസ് , ഡയറ്റ് പ്രതിനിധി ഗീത നായര്‍, ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. ജൂണ്‍ 30 മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രീ-പ്രൈമറികളില്‍ കഥോത്സവം അരങ്ങേറും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com