

file image
കോട്ടയം: അഖിലേന്ത്യാ പണിമുടക്കിൽ എല്ലാ തൊഴിലാളികളും രാഷ്‌ട്രീയഭേദമില്ലാതെ ഒന്നിക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ടി.പി. രാമകൃഷ്‌ണൻ. കോട്ടയത്ത് സിഐടിയു സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്‍റെ തൊഴിലാളിവിരുദ്ധതയെ എതിർക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കേണ്ടത്. എന്നാൽ എന്തോ ജ്വരം ബാധിച്ച് മാധ്യമങ്ങൾ ഐക്യപ്രസ്ഥാനത്തെ തകർക്കാനാണ് നോക്കുന്നത്. ഇത് അവർ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 12നാണ് അഖിലേന്ത്യാ പണിമുടക്ക്.
ഓരോ തൊഴിലാളിയും ഭാഗമാകേണ്ട പണിമുടക്കാണ് വരുന്നത്. ലേബർ കോഡുകളിലൂടെ തൊഴിലാളിയുടെ അവകാശങ്ങൾ പിടിച്ചെടുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. 8 മണിക്കൂർ ജോലി 12 മണിക്കൂറാക്കി മാറ്റാൻ കഴിയും. ഇത് തൊഴിലാളിക്ക് ഗുണമാണോ എന്ന് ലേബർ കോഡിനെ അനുകൂലിക്കുന്നവർ പറയണം. തൊഴിലാളിക്ക് ഒന്നിച്ചുനിൽക്കാൻ രാഷ്ട്രീയം തടസമാകരുത്.
എല്ലാ സംഘടനകളും പണിമുടക്കിനൊപ്പം നിൽക്കണം. ലേബർ കോഡ് നിലവിൽ വന്നാൽ മാധ്യമപ്രവർത്തകരുടെ വേജ് ബോർഡ് ഇല്ലാതാകുമെന്ന് മാധ്യമങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.