ആറ് കേരള ഗ്രാമങ്ങൾ കേന്ദ്ര പദ്ധതിയിൽ

പാരിസ്ഥിതികാഘാത അതിജീവന ശേഷിയുള്ള ഗ്രാമ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത് ചിലക്കൂർ, പുതുവൈപ്പ്, ഞാറയ്ക്കൽ, തോട്ടപ്പള്ളി, ഇരവിപുരം, അഴീക്കൽ എന്നീ ഗ്രാമങ്ങളെ
Representative image of a Kerala village
ആറ് കേരള ഗ്രാമങ്ങൾ കേന്ദ്ര പദ്ധതിയിൽപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽ നിന്ന് നൂറ് ശതമാനം കേന്ദ്ര വിഹിതത്തോടെ നടത്തുന്ന പാരിസ്ഥിതികാഘാത അതിജീവന ശേഷിയുള്ള ഗ്രാമ പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും ആറ് ഗ്രാമങ്ങളെ തെരഞ്ഞെടുത്തതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.

ചിലക്കൂർ (തിരുവനന്തപുരം), പുതുവൈപ്പ്, ഞാറയ്ക്കൽ (എറണാകുളം), തോട്ടപ്പള്ളി (ആലപ്പുഴ), ഇരവിപുരം, അഴീക്കൽ (കൊല്ലം) എന്നിവയാണ് പദ്ധതിയിലുൾപ്പെട്ട ഗ്രാമങ്ങൾ. ഗ്രാമങ്ങളുടെ വികസനത്തിനായി രണ്ട് കോടി രൂപ വീതമാണ് പദ്ധതിക്ക് കീഴിൽ അനുവദിച്ചിരിക്കുന്നത്. ആവശ്യമായ വികസന പദ്ധതികൾ തീരുമാനിച്ച് നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ചുമതലയായിരിക്കും.

കൂടാതെ കേരളത്തിലെ അഞ്ച് തുറമുഖങ്ങൾ നവീകരിക്കാനും തീരുമാനമായതായി കേന്ദ്ര സഹമന്ത്രി പറഞ്ഞു. 126 കോടി രൂപ ആനുപാതിക ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പദാ യോജനയിൽ നിന്ന് കാസർകോട്, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി എന്നീ തുറമുഖങ്ങളും എഫ്ഐഡിഎഫ് ഫണ്ടിൽ നിന്ന് അർത്തുങ്കൽ തുറമുഖവുമാണ് നവീകരിക്കുക. സംസ്ഥാന സർക്കാർ 18 മാസം കൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.

മത്സ്യബന്ധന രംഗത്തെ തൊഴിൽ വികസന സാധ്യതകളെ മുൻനിർത്തി കഴിഞ്ഞ പത്തു വർഷങ്ങളിൽ 38572 കോടി രൂപ വിവിധ പദ്ധതികൾക്കായി വകയിരുത്തിയതായും ജോർജ് കുര്യൻ വ്യക്തമാക്കി.

കൂടാതെ, മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നൽകി.സംസ്ഥാനം സമർപ്പിച്ച പുതിയ ഡിപിആറിന്‍റെ അടിസ്ഥാനത്തിൽ 60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com