പൊലീസ് മേധാവി സ്ഥാനത്തിനു വേണ്ടി പൊരിഞ്ഞ പോരാട്ടം!

എം.ആർ. അജിത് കുമാർ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. ഇതിൽ മൂന്നു പേരുടെ അന്തിമ പട്ടിക യുപിഎസ്‌സി തയാറാക്കുന്നതിനിടെ ഇവർക്കെതിരേ നിരവധി പരാതികളും ഉയരുന്നു
6 officers vie for Kerala police chief post
  1. നിതിന്‍ അഗര്‍വാള്‍

  2. റവദ ചന്ദ്രശേഖര്‍

  3. യോഗേഷ് ഗുപ്ത

  4. മനോജ് എബ്രഹാം

  5. സുരേഷ് രാജ് പുരോഹിത്

  6. എം.ആര്‍. അജിത് കുമാര്‍

Updated on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാൻ പൊലീസ് സേനയുടെ തലപ്പത്ത് തമ്മിലടി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. നിലവിലുള്ള ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹെബ് ജൂൺ 30ന് വിരമിക്കാനിരിക്കെ, രണ്ടാഴ്ച്ചയ്ക്കകം അടുത്ത പൊലീസ് മേധാവിയായി പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക യുപിഎസ്‍സി കേരളത്തിനു നൽകണം. ഇതിനിടെയാണ് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവർക്കെതിരേ പരാതികള്‍ ഉയർന്നിരിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവദ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത് കുമാര്‍ എന്നീ ആറ് ഉദ്യോഗസ്ഥരുടെ പേരുകളാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. ഇതില്‍ നിന്ന് മൂന്നുപേരുടെ അന്തിമ പട്ടിക തയാറാക്കി യുപിഎസ്‍സി സംസ്ഥാന സര്‍ക്കാരിനു കൈമാറും. ഈ അന്തിമ പട്ടികയില്‍ നിന്നാണ് പുതിയ മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുക.

പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാളിനെതിരേ മൂന്ന് പരാതികളാണ് യുപിഎസ്‍സിക്ക് ലഭിച്ചത്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിന്‍ അഗര്‍വാള്‍. രണ്ടാമതുള്ള റവദ ചന്ദ്രശേഖര്‍ ഐബി ഡെപ്യൂട്ടി ഡയറക്റ്ററാണ്. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമന്‍. സംസ്ഥാന വിജിലന്‍സ് ഡയറക്റ്റർ മനോജ് എബ്രഹാം പട്ടികയിൽ നാലാമനും സുരേഷ് രാജ് പുരോഹിത് അഞ്ചാമനുമാണ്. പട്ടികയില്‍ ആറാം സ്ഥാനത്താണ് എം.ആര്‍. അജിത് കുമാര്‍.

അജിത് കുമാര്‍ ഒഴികെയുള്ളവര്‍ക്കെതിരേയെല്ലാം യുപിഎസ്‍സിക്ക് പരാതികള്‍ ലഭിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവദ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവരെ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് അജ്ഞാത പരാതികള്‍ ലഭിച്ചതായാണ് വിവരം. സര്‍ക്കാരിന്‍റെ ഗുഡ് ലിസ്റ്റിലുള്ള മനോജ് എബ്രഹാമിനെ പൊലീസ് മേധാവിയായി നിയമിക്കരുതെന്നാവശ്യപ്പെട്ട് സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. നേരത്തെ അജിത് കുമാറിനെതിരേ ആക്ഷേപം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ചവരാണ് പരാതിക്കു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.

നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവദ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവര്‍ പൊലീസ് മേധാവി സ്ഥാനം ലഭിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ച അജിത് കുമാര്‍ അവധിയെടുത്ത് ഡല്‍ഹിയിലേക്ക് പോയത് രാഷ്ട്രീയ സ്വാധീനം ചെലുത്താനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ഒന്നു മുതല്‍ പതിനഞ്ച് വരെ അവധിയെടുത്താണ് അജിത് കുമാര്‍ ഡല്‍ഹിയിലേക്ക് പോയത്. 20ന് പുതിയ അന്തിമ പട്ടിക തയാറാക്കാൻ യുപിഎസ്‍സി യോഗം ചേരുമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com