

ജനുവരി 7മുതല്‍ 13 വരെ പരിശോധന നടത്തി.
freepik.com
തിരുവനന്തപുരം: അലക്ഷ്യമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഒരാഴ്ചക്കിടെ കേരള പൊലീസ് പിഴയായി ഈടാക്കിയത് 61,86,650 രൂപ. പൊലീസിന്‍റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 23,771 വാഹനങ്ങളാണ്. ജനുവരി ഏഴു മുതല്‍ 13 വരെയായിരുന്നു പരിശോധന.
സംസ്ഥാന പാതകളില്‍ 7872, ദേശീയ പാതകളില്‍ 6852, മറ്റ് പാതകളില്‍ 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയത്. അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രതകൂടിയ പാതകള്‍, പ്രധാനപ്പെട്ട ജക്‌ഷനുകള്‍, സര്‍വീസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നത്.
സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത പാര്‍ക്കിങ് ഗതാഗതക്കുരുക്കിനു കാരണമാകുന്നു എന്നു മാത്രമല്ല, പലപ്പോഴും ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനും ഭീഷണിയാകാറുണ്ട്.
ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 974700 1099 എന്ന 'ശുഭയാത്ര' വാട്ട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്.