''ആ വെള്ളം അങ്ങു വാങ്ങി വച്ചോളൂ...'' മുന്നണി മാറ്റത്തെക്കുറിച്ച് ജോസ് കെ. മാണി

നേതൃസ്ഥാനത്തിന്‍റെ പേരില്‍ കലഹിക്കുന്ന യുഡിഎഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് കേരള കോൺഗ്രസ്-എം നേതാവ്.
നേതൃസ്ഥാനത്തിന്‍റെ പേരില്‍ കലഹിക്കുന്ന യുഡിഎഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് കേരള കോൺഗ്രസ്-എം നേതാവ്.
ജോസ് കെ. മാണി
Updated on

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി. ഇടതുമുന്നണിയുടെ അവിഭാജ്യ ഘടകമാണ് കേരള കോണ്‍ഗ്രസ്-എം. മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിന് പാർട്ടി നിരന്തരം പരിശ്രമിക്കുകയാണ്. മുന്നണി മാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കൊപ്പമുണ്ടാകും. കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ തിളപ്പിച്ച വെള്ളം വാങ്ങി വയ്ക്കുകയാണ് നല്ലതെന്നും ജോസ് കെ. മാണി ഫേസ്ബുക്കിൽ എഴുതി.

നേതൃസ്ഥാനത്തിന്‍റെ പേരില്‍ കലഹിക്കുന്ന യുഡിഎഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും, അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ നടക്കുകയാണ്.

മലയോരമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ്-എം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്.

വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരത്തിനായി കേരളത്തിലെ ഗവണ്‍മെന്‍റിനൊപ്പം പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരായി ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടതെന്നും ജോസ് കെ. മാണി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഒരേ നിലപാട് ഉയര്‍ത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ്-എം ഉയര്‍ത്തുന്നതിനെ മുന്നണി മാറ്റ സൂചനകളായി വ്യാഖ്യാനിക്കുന്നതിന്‍റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാര്‍ട്ടി പൂര്‍ണമായും തള്ളുന്നു. മൂന്നാം തവണയും എല്‍ഡിഎഫിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com