

ഡോ. ടി.എം. തോമസ് ഐസക്
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ കേരളത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന കാലത്തു തന്നെ നോട്ടപ്പുള്ളിയായിരുന്നു എന്ന് സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് ടി.എം. തോമസ് ഐസക്. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ജ്ഞാനേഷ് കുമാർ 2006-ൽ വി.എസ്. അച്യുതാനന്ദൻ നേതൃത്വം നൽകിയ ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നെന്നും, അതേ വർഷം നവംബറോടെ ആ പദവിയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും തുടർന്ന് അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തെന്നും ഐസക് ചൂണ്ടിക്കാട്ടി.
കേരളത്തിൽ ലോക ബാങ്ക് ധനസഹായത്തോടെയുള്ള ഒരു റോഡ് പദ്ധതിയിൽ ഏർപ്പെട്ടിരുന്ന ഒരു മലേഷ്യൻ നിർമാണ കമ്പനിയുടെ ഡയറക്റ്ററുടെ ആത്മഹത്യയെത്തുടർന്നായിരുന്നു നടപടി. ആത്മഹത്യാ കുറിപ്പിൽ കുമാറിന്‍റെ പേര് പരാമർശിച്ചിരുന്നെന്നും, അവഹേളനം, കൈക്കൂലി ആവശ്യപ്പെടൽ, ബില്ലുകൾ തടഞ്ഞുവയ്ക്കൽ എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങൾ അതിലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
താൻ നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചിരുന്നെന്നും, കൈക്കൂലി ചോദിച്ചതും ബില്ലുകൾ തടഞ്ഞുവച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാമർശിച്ചിരുന്നെന്നും, വളരെ വൈകാരികതയുള്ള വ്യക്തിയായിരുന്ന അദ്ദേഹം ഒരുതരം നിരാശയോടെയാണ് ആത്മഹത്യ ചെയ്തതെന്നും ഐസക് ആരോപിച്ചു. ഇതിനു ശേഷമാണ് ജ്ഞാനേഷ് കുമാർ പ്രതിരോധ മന്ത്രാലയത്തിലേക്കു മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011-ൽ രണ്ടാം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജ്ഞാനേഷ് കുമാർ കേരള ഹൗസിന്‍റെ റസിഡന്‍റ് കമ്മീഷണറായെന്നും, 2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുന്നത് വരെ ആ പദവിയിൽ തുടർന്നെന്നും ഐസക് പറഞ്ഞു.
പിന്നീട് അദ്ദേഹം ജമ്മു കശ്മീർ സംബന്ധിച്ച കാര്യങ്ങളിൽ ഇടപെടുകയും, രാമജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ട്രസ്റ്റ് രൂപകൽപ്പന ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. തുടർന്ന് ബിജെപി നേതൃത്വത്തിന്‍റെ വിശ്വാസം നേടിയെടുക്കുകയും, തെരഞ്ഞെടുപ്പുകളെ കൃത്രിമമായി സ്വാധീനിക്കാനുള്ള 'വ്യക്തമായ ചുമതല'യോടെ ഇലക്ഷൻ കമ്മീഷണറാവുകയും ചെയ്തെന്നും ഐസക് ആരോപിച്ചു.
"അതിൽ എനിക്ക് സംശയമില്ല. കാരണം തെരഞ്ഞെടുപ്പ് സംവിധാനത്തെ ആസൂത്രിതമായി ദുർബലപ്പെടുത്തുന്നതും, ഘട്ടംഘട്ടമായി അതിനുള്ള നടപടികൾ സ്വീകരിക്കുന്നതും അബദ്ധത്തിൽ സംഭവിക്കുന്നതല്ല," അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന പ്രക്രിയയെയും ഐസക് വിമർശിച്ചു, തെരഞ്ഞെടുപ്പ് സമിതിയിൽ നിന്ന് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയെന്നും, പകരം ഒരു കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി പ്രധാനമന്ത്രിക്ക് സമിതിയിൽ ഭൂരിപക്ഷം നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെക്കുറിച്ച് ചോദ്യമുന്നയിച്ച അദ്ദേഹം, തെളിവുകൾ പരിശോധിച്ച് വോട്ടർ പട്ടിക അന്തിമമാക്കാനുള്ള ചുമതല ഇലക്റ്ററൽ രജിസ്ട്രേഷൻ ഓഫിസർമാർക്കും ബൂത്ത് ലെവൽ ഓഫിസർമാർക്കുമാണെന്നാണ് താൻ മുമ്പ് കരുതിയിരുന്നതെന്ന് പറഞ്ഞു. ആരാണ് വോട്ട് ചെയ്യേണ്ടതെന്നും ആരാണ് ചെയ്യേണ്ടാത്തതെന്നും ഇപ്പോൾ സാങ്കേതിക ഉദ്യോഗസ്ഥർ തീരുമാനിക്കുന്നുവെന്ന് ഐസക് ആരോപിച്ചു.