

രാധാകൃഷ്ണൻ
പാലക്കാട്: മകന്‍റെ ഭാര്യയെ വടിവാളുകൊണ്ട് വെട്ടിയ ആൾ എലിവിഷം കഴിച്ച് ജീവനൊടുക്കി. കുഴൽമന്ദം മാത്തൂർ പല്ലഞ്ചാത്തനൂർ നടക്കാവ് ശോഭന നിവാസിൽ രാധാകൃഷ്ണൻ(75) മരിച്ചത്. വടിവാളുകൊണ്ട് വെട്ടേറ്റ മരുമകൾ അമിത ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബവഴക്കിനെ തുടർന്ന് അമിതയുമായി അസ്വാരസ്യത്തിലായിരുന്നു രാധാകൃഷ്ണൻ. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം. മക്കളെ സ്കൂളിൽ പറഞ്ഞുവിട്ട് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന അമിതയെ പിറകിൽ നിന്ന് വെട്ടുകയായിരുന്നു. അമിത തടുത്തതിനെ തുടർന്ന് ഇടതുകയ്യിലെ മൂന്ന് വിരലുകൾക്കാണ് വെട്ട്കൊണ്ടത്. അമിതയുടെ നിലവിളി കേട്ട് എത്തിയ രാധാകൃഷ്ണന്‍റെ ഭാര്യ ശോഭനയും പ്രദേശവാസികളും ചേർന്ന് അമിതയെ കണ്ണാടിയിലെ ആശുപത്രിയിൽ എത്തിച്ചു.
ഇതിനിടെ രാധാകൃഷ്ണൻ തൊട്ടടുത്ത പഴയ വീട്ടിൽ കയറി വാതിലടച്ചു. രാധാകൃഷ്ണനെ കാണാതെ തിരയുന്നതിനിടയിൽ പഴയ വീട്ടിനകത്തു നിന്നും ഞരക്കം കേൾക്കുകയായിരുന്നു. നാട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴേക്കും രാധാകൃഷ്ണൻ അവശനിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.