

രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറാൻ രാഹുൽ മാങ്കൂട്ടത്തിലിന് ബാധ്യതയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബലാത്സംഗക്കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലീസ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഈ ഫോണുകളുടെ പാസ് കോഡുകൾ നൽകാൻ കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് പാസ് കോഡ് നൽകാൻ രാഹുലിന് ബാധ്യതയുണ്ടെന്നും കോഡ് നൽകാതിരിക്കാൻ ഭരണഘടനാപരമായ പരിരക്ഷ ഇല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അത് നശിപ്പിക്കപ്പെടുമെന്ന് സംശയിക്കുന്നുവെന്നുമാണ് രാഹുൽ കോടതിയെ അറിയിച്ചിരിക്കുന്നത്.
എന്നാൽ പാസ് കോഡ് നൽകിയാൽ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമോ എന്ന് പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.
വിദേശത്ത് താമസിക്കുന്ന 31കാരിയുടെ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, ശാരീരിക, മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്.