

തിരുവനന്തപുരം: ബില്ലുകൾ ഒപ്പിടാത്തതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഗവർണറുടെ നിലപാട് ജനാധിപത്യത്തിന്‍റെ അന്തസ്സിന് നിരക്കാത്തതാണെന്നും ഗവർണർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ഇതിനായി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്‍റെ സേവനം അതിനായി തേടും. ഫാലി എസ്. നരിമാന്‍റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
8 ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ മാറ്റി വച്ചിരിക്കുന്നത്. ഇതിൽ 3 എണ്ണം 1 വർഷവും 10 മാസവും പഴക്കമുള്ളതാണ്. മറ്റ് മൂന്നെണ്ണം ഒരു വർഷം കടന്നു. ഇതിൽ മൂന്നെണ്ണം യൂണിവേഴ്സിറ്റി ബില്ലുകളാണ്. ഇതിന് പുറമേ ലോകായുക്ത, കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ല് എന്നിവയും ഒപ്പിടാനുള്ള ബില്ലുകളാണ്.
പാർലമെന്‍ററി ജനാധിപത്യ സംവിധാനത്തിൽ നിയമ നിർമ്മാണം നിയമസഭകളുടെ ചുമതലയാണ്. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളിൽ വിശദീകരണം ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം നൽകിയതാണ്. എന്നിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സർക്കാർ നിയമനടപടിയുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചത്.