

മറ്റത്തൂരിൽ കോൺഗ്രസ് മെമ്പർമാർ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ചു; ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു
തൃശൂർ: മറ്റത്തൂരിൽ കോൺഗ്രസ് മെമ്പർ കൂട്ടത്തോടെ പാർട്ടിയിൽനിന്ന് രാജിവെച്ച് ബിജെപിയുമായി ചേർന്ന് ഭരണത്തിലെത്തി. കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ജയിച്ച എട്ട് മെമ്പർമാരാണ് രാജിവെച്ചത്. പിന്നാലെ ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വതന്ത്രയായിമത്സരിച്ച ടെസി ജോസ് കല്ലറക്കൽ ആണ് പ്രസിഡന്‍റ്.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടും നേതൃത്വം കാണിച്ച നീതികേടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജി സമർപ്പിച്ചത്.
കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാൻ എൽഡിഎഫ് നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ് 10, യുഡിഎഫ് 8, ബിജെപി 4, സ്വതന്ത്രർ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില.