സംസ്ഥാനത്ത് 8 സിക്ക കേസുകൾ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനം ശക്തമെന്ന് ആരോഗ്യവകുപ്പ്

പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു.
Representative image
Representative image

തിരുവനന്തപുരം: തലശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ്. 8 സിക്ക കേസുകളാണു സ്ഥിരീകരിച്ചത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഒക്റ്റോബർ 30ന് ആദ്യ സിക്ക കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 31നു തന്നെ ജില്ലാ മെഡിക്കല്‍ ഓഫിസറും ജില്ലാ ആര്‍ആര്‍ടി സംഘവും പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. തുടര്‍ന്ന് സംഘം നവംബര്‍ 1, 2, 5 തീയതികളിലും സന്ദര്‍ശിച്ചു. നവംബര്‍ ഒന്നിന് ജില്ലാ കോടതിയില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. അതില്‍ 55 പേര്‍ പങ്കെടുത്തു.

24 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. നവംബര്‍ രണ്ടിന് കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും വിദഗ്ധ മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു. സിക്ക വൈറസ് പരത്തുന്ന കൊതുകിന്‍റെ ഉറവിട നശീകരണത്തിനായി ഫോഗിങ്, സ്‌പ്രേയിങ് എന്നിവ നടത്തി. ഉറവിട നശീകരണത്തിന്‍റെ ഭാഗമായി ലാര്‍വ സര്‍വെ നടത്തി. ഈഡിസ് ലാര്‍വകളെയും കൊതുകുകളേയും ശേഖരിച്ച് സംസ്ഥാന എൻഡമോളജി വിഭാഗത്തിലേക്ക് അയച്ചു. കോടതിക്ക് പുറത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ 104 വീടുകള്‍ സന്ദര്‍ശിച്ചു. ഇതുകൂടാതെ നവംബര്‍ 5ന് ഫോഗിങ്, സോഴ്‌സ് റിഡക്ഷന്‍, എന്‍ഡോമോളജിക്കല്‍ സര്‍വെ എന്നിവ നടത്തി.

ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ആശങ്കപ്പെടേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com