

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ കുറ്റവാളികളായ ഒൻപതു പേരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നുമാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് മാറ്റിയത്. ഞായറാഴ്ച രാവിലെയായിരുന്നു കുറ്റവാളികളെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്.
കോടതി നിർദേശ പ്രകാരമാണ് കുറ്റവാളികളെ ജയിൽ മാറ്റിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഒൻപതു പേർക്കും ഇരട്ട ജീവപര‍്യന്തമാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത്. അതേസമയം നിയമപോരാട്ടം തുടരാനാണ് സിപിഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും തിരുമാനം. മുൻ എംഎൽഎയായ കെ.വി. കുഞ്ഞിരാമനടക്കമുള്ളവർക്കെതിരേ വിധി വന്ന സാഹചര‍്യത്തിൽ അപ്പീൽ പോകുമെന്ന് സിപിഎം വ‍്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികൾക്ക് ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ തിരുമാനം.