

ജുനൈദ്
മലപ്പുറം: മലപ്പുറത്ത് വയലിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് പൊട്ടിവീണ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13 വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അംഗം കെ. ബൈജുനാഥ് മലപ്പുറം ജില്ലാ കലക്റ്റർക്കും കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനീയർക്കും നിർദേശം നൽകി.
ഡിസംബർ മൂന്നിന് തിരൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
ഞായറാഴ്ചയാണ് തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ഷിഹാബുദീന്റെ മകൻ ജുനൈദ് ഷോക്കേറ്റ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ വച്ചായിരുന്നു അപകടം. വയലിൽ നിലം ഉഴുതുകൊണ്ടിരുന്ന ട്രാക്റ്റർ കാണാൻ സുഹൃത്തുക്കൾക്കൊപ്പം പോയപ്പോൾ പൊട്ടിവീണ സ്റ്റേ വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ ഉടൻ അന്വേഷണം നടത്താൻ ഉത്തരവിട്ട വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനും അധികൃതരോട് നിർദേശിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച കെഎസ്ഇബി മാനേജ്മെന്റ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.