

വീടിനോട് ചേർന്ന മുറിയിൽ 38 കാരൻ രക്തത്തിൽ കുളിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്, കേസ്
representative image- Ai
കോഴിക്കോട്: പാളയത്ത് വീടിനോട് ചേർന്നുള്ള മുറിയിൽ 38 കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബിജു ബി എന്നയാളാണ് മരിച്ചത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബിജുവിന്‍റെ കുടുംബം ക്ഷീര കർഷകരാണെന്നാണ് പൊലീസ് പറയുന്നത്.
പുലർച്ചെ 3.30യ്ക്ക് വീട്ടിലെ പശുവിനെ കറക്കാൻ ബിജുവിനെ വിളിച്ചുണർത്താൻ എത്തിയപ്പോൾ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഉള്ളിൽ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് മുറിയിലേക്ക് പ്രവേശിച്ചപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ ബിജുവിനെ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പരിശോധനയിൽ ബിജുവിന്‍റെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ കണ്ടെത്തിയതോടെ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സ്ഥലത്തെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും ഉദ‍്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ സഹായിച്ചിട്ടുണ്ടെന്നും പൊലീസിന് അറിയാവുന്ന ആളാണ് ബിജുവെന്നുമാണ് വിവരം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, സ്ഥലം സന്ദർശിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
പാളയം മാർക്കറ്റിന് സമീപത്ത് വച്ചാണ് കുറ്റകൃത‍്യം നടന്നതെന്നും തങ്ങൾക്ക് ചില സംശയങ്ങളുണ്ടെന്നും പൊലീസ് വ‍്യക്തമാക്കി. കുറ്റകൃത‍്യത്തിന് ആയുധം ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും എന്നാൽ അത് കണ്ടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.