
എ. രാമചന്ദ്രന്‍
വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്‍ തന്‍റെ ചിത്രങ്ങളും ശില്‍പ്പങ്ങളും പുസ്തകങ്ങളും കേരളത്തിന് നല്‍കണം എന്ന ആഗ്രഹം മുന്‍ സാംസ്കാരിക മന്ത്രി എം. എ ബേബിയോട് പറഞ്ഞതിന്‍റെ സാക്ഷാത്ക്കാരമാണ് കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന എ. രാമചന്ദ്രന്‍ മ്യൂസിയം. 5ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയം ഉദ്ഘാടനം ചെയ്യുമെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എബി എന്‍. ജോസഫ്, സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ മഞ്ജു എം. കുമാര്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എന്നിവര്‍ പങ്കെടുത്തു. ശരവേഗതയിലാണ് എ. രാമചന്ദ്രന്‍റെ ആഗ്രഹം അദ്ദേഹം ജീവിച്ചിരിക്കുന്ന സമയത്തു തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നു മുരളി ചീരോത്ത് പറഞ്ഞു. അക്കാദമി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ താനും, ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരും അതിന്‍റെ ഭാഗമായി അദ്ദേഹത്തെ നേരില്‍ കണ്ട് കേരള സര്‍ക്കാരിന്‍റെ പിന്തുണ അറിയിച്ചു.
കേരള ലളിതകലാ അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ് 300 കോടി രൂപ വിലമതിക്കുന്ന ചിത്രരചനകളുടെ നിക്ഷേപം സാക്ഷാത്ക്കരിക്കുന്നത്. 7,000 ചതുരശ്ര അടി വലിപ്പത്തിലുള്ളതാണ് മ്യൂസിയം. അന്തര്‍ദേശീയ നിലവാരത്തിലുള്ള മ്യൂസിയം ക്യൂറേറ്റ് ചെയ്തിരിക്കുന്നത് ശിവകുമാറാണ്. ശില്‍പ്പങ്ങളും ചിത്രങ്ങളും കേരളത്തിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ 2023 ഒക്റ്റോബറിൽ രാമചന്ദ്രന്‍റെ താത്പര്യപ്രകാരം ഒരു പ്രദര്‍ശനം നടത്തിയിരുന്നു. അന്ന് ഒത്തുകൂടിയ നൂറുകണക്കിന് കലാകാരന്മാര്‍ക്കും ആരാധകർക്കുമൊപ്പം വീല്‍ചെയറില്‍ എ. രാമചന്ദ്രനും ഭാര്യ ചമേലിയും ചുറ്റിക്കറങ്ങി സന്തോഷം പങ്കിട്ടിരുന്നു. 2024 ഫെബ്രുവരി 10ന് ഡല്‍ഹിയില്‍ എ. രാമചന്ദ്രന്‍ അന്തരിച്ചു.
എ. രാമചന്ദ്രന്‍ മ്യൂസിയം സാക്ഷാത്കരിക്കുന്നതിന് സാക്ഷിയാകാന്‍ അദ്ദേഹമില്ല. പക്ഷേ അദ്ദേഹത്തിന്‍റെ ഭാര്യയും ചിത്രകാരിയുമായ ടാന്‍ യുവാന്‍ ചാമേലി മുഖ്യാതിഥിയായി മ്യൂസിയത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. നാസയില്‍ ശാസ്ത്രജ്ഞനായ മകന്‍ രാഹുല്‍ രാമചന്ദ്രന്‍, കാനഡയില്‍ സിസ്റ്റം എന്‍ജിനീയറായ മകള്‍ സുജാത രാമചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നു- അക്കാദമി ചെയര്‍പേഴ്സണ്‍ അറിയിച്ചു.
കുട്ടികള്‍ക്കായി രാമചന്ദ്രന്‍- ചമേലി ദമ്പതികള്‍ രചിച്ച അഞ്ച് പുസ്തകങ്ങളുടെ മലയാള പരിഭാഷ കേരള ലളിതകലാ അക്കാദമി പുറത്തിറക്കുന്നുണ്ട്. പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. സുധാകരനാണ്. കൊല്ലത്തു നടക്കുന്ന ചടങ്ങില്‍ അഞ്ചു പുസ്തകങ്ങളുടെയും പ്രകാശനവും നടക്കും.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, മന്ത്രി ചിഞ്ചുറാണി, കൊല്ലം മേയര്‍ ഹണി ബെഞ്ചമിന്‍, എം. മുകേഷ് എംഎല്‍എ, എം. നൗഷാദ് എംഎല്‍എ, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ, സാംസ്കാരിക വകുപ്പ് ഡയറക്റ്റര്‍ ദിവ്യ എസ്. അയ്യര്‍, ജില്ലാ കലക്റ്റര്‍ എൻ. ദേവിദാസ്, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എബി എന്‍. ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.