
തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം നേതാവും മുൻ എംപിയുമായ എ. സമ്പത്തിനെ മാറ്റി. സിപിഎം സംസ്ഥാന സമിതിയിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്ന സമ്പത്തിനെ 2021 ജൂലൈയിലാണ് മന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നീക്കിയതെന്നാണ് സൂചന.
കേരളാ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ നേതാവായിരുന്ന കെ. ശിവകുമാറിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ശിവകുമാർ പ്രവർത്തിച്ചിട്ടുണ്ട്.
മൂന്ന് തവണ ആറ്റിങ്ങൽ എംപിയായിരുന്ന സമ്പത്ത് 2019 ലെ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് തോറ്റിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വീണ്ടും ആറ്റിങ്ങലിലേക്ക് പരിഗണിക്കുന്നതിൽ ചർച്ചകൾ നടക്കുന്നുണ്ട്.