
#എം.ബി.സന്തോഷ്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ വികാരനിർഭരമായ അന്ത്യയാത്രയുടെ 21-ാം ദിനം പ്രഖ്യാപിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച തരംഗത്തിൽ മകൻ ചാണ്ടി ഉമ്മന്റെ മിന്നും ജയം എൽഡിഎഫ് സർക്കാരിനെതിരേ കൂടുതൽ ആക്രമണോത്സുകമായി നേരിടാൻ യുഡിഎഫിന് കരുത്തു പകരും. നേരിട്ട് ബാധിക്കുന്ന വിവാദങ്ങളോടുപോലും മുഖ്യമന്ത്രി പുലർത്തുന്ന മൗനം ശരിയോ എന്ന ചോദ്യം എൽഡിഎഫിനുള്ളിൽ ഉയർത്തുന്നതിന് ഈ ഉപതെരഞ്ഞെടുപ്പു ഫലം കാരണമായിക്കൂടെന്നില്ല.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പോരാട്ടത്തെ ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽത്തന്നെ നിലനിർത്താൻ യുഡിഎഫിനു കഴിഞ്ഞു.വികസനം ചർച്ചയാക്കാനുള്ള എൽഡിഎഫ് അജണ്ടയെ പൊളിച്ച് ഉമ്മൻചാണ്ടിയിൽ കേന്ദ്രീകരിപ്പിക്കാൻ യുഡിഎഫിന് സാധിച്ചു. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ. അനിൽകുമാർ ഉയർത്തിയ ആരോപണങ്ങൾ ഒരു ഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ തള്ളിപ്പറയുന്ന അവസ്ഥ ഉണ്ടായി. അതിനുശേഷവും ഉമ്മൻചാണ്ടിയുടെ മകൾക്കെതിരായ പ്രചാരണവും സിപിഎം അനുകൂല സർവീസ് സംഘടനാ നേതാവിനെതിരായ കേസും മണ്ഡലത്തിൽ വ്യാപകമായി ചർച്ച ചെയ്യുന്നതിനിടയാക്കിയത് തിരിച്ചടിച്ചു. സഭാ തർക്കത്തിൽ പ്രതീക്ഷിച്ച വോട്ട് എൽഡിഎഫിന്റെ പെട്ടിയിലേക്ക് എത്താത്തതും പരാജയത്തിന്റെ വ്യാപ്തി വർധിപ്പിച്ച ഘടകമാണ്.
മന്ത്രിമാരെയും എംഎൽഎമാരെയും ഇറക്കി ഇളക്കി മറിച്ച പ്രചാരണം പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അതേസമയം, കോൺഗ്രസിന്റെ സംസ്ഥാനത്തെ ജനകീയരായ മുഴുവൻ നേതാക്കളെയും നിരത്തി സാധാരണ എൽഡിഎഫ് ചെയ്യുന്നതിന് സമാനമായി പ്രവർത്തനം മണ്ഡലത്തിൽ ചിട്ടയോടെ നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അന്നുതന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുമുതൽ മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണം ചർച്ചയാക്കുന്നതിൽവരെ ഈ ഇടപെടൽ ഉണ്ടായി. തെരഞ്ഞെടുപ്പിനുശേഷം വോട്ടുവിഹിതത്തിലെ കണക്കുകൂട്ടൽ തൃക്കാക്കരയിലേതുപോലെ പുതുപ്പള്ളിയിലും പിഴയ്ക്കുമ്പോൾ ജനങ്ങളും പാർട്ടിയും തമ്മിലുള്ള അകലത്തിന്റെ തെളിവ് വ്യക്തമാവുകയാണെന്ന വിലയിരുത്തലിനെ സിപിഎമ്മിന് അവഗണിക്കാനാവില്ല.
സമീപകാല തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഏറ്റ പ്രഹരങ്ങളിൽ ഒടുവിലത്തേതാണ്പുതുപ്പള്ളിയിലേത്. വോട്ട് ശതമാനം 8.87ൽ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതെരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബിജെപിക്ക് നഷ്ടമായി. ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകിയിട്ടും മൂന്നാം ശക്തിയാവാൻ ബിജെപിക്ക് സാധിക്കാത്തതെന്തെന്നു കേന്ദ്രനേതൃത്വത്തിന് ഗൗരവപൂർവം പരിശോധന നടത്താൻ ഈ തെരഞ്ഞെടുപ്പ് ഫലം കാരണമാവും.